കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പോലീസിന്റെ സംശയം. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ്ഡ് ആണ്. അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്തായ ഇയാൾ, ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ താമസിക്കാനെത്തിയത്.
ഇന്നലെ വൈകിട്ട് തേഞ്ഞിപ്പാലത്തിന് സമീപമാണ് ഇയാളുടെ ഫോൺ ഓഫായതെന്ന് പോലീസ് പറയുന്നു.
അർഷാദിനായി ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തുകയാണ്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.
Post Your Comments