റിയാദ്: 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് സൗദി കിരീടാവകാശി അഭിനന്ദന സന്ദേശം അയക്കുകയും ചെയ്തു.
രാഷ്ട്രപതിക്ക് നല്ല ആരോഗ്യവും സന്തോഷവും നേർന്നതിനൊപ്പം ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും സുസ്ഥിരമായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അതേസമയം, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും ആശംസകൾ നേർന്നു. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാ വ്യക്തികളെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യയിലെ സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാർക്കു രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്തതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സൗദി ജനതയ്ക്കും അദ്ദഹം നന്ദി രേഖപ്പെടുത്തി.
Post Your Comments