KeralaLatest NewsNews

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കോഴിക്കോടിന് വലിയ പങ്ക്: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഒട്ടനവധി പോരാട്ടങ്ങൾക്ക് കോഴിക്കോട് വേദിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയായ കോഴിക്കോട് തുടക്കം മുതൽ തന്നെ വൈദേശികാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഉജ്ജ്വലമായ ചെറുത്തുനിൽപ്പുകളും ചടുലമായ ഇടപെടലുകളും വിപ്ലവകരമായ നിലപാടുകളുമായി കോഴിക്കോട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുപ്രധാന ഇടം നേടി. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്രധാന സമരകേന്ദ്രം കൂടിയായിരുന്നു കോഴിക്കോടെന്നും മന്ത്രി പറഞ്ഞു.

Read Also: മങ്കി പോക്‌സ് ലൈംഗികമായി പകരുന്ന രോഗമാണോ: വിദഗ്ധർ പറയുന്നത് എന്താണെന്ന് അറിയാം

കോഴിക്കോട് നടന്ന സമരങ്ങളെയും സത്യാഗ്രഹങ്ങളെയും കുറിച്ച് പ്രതിപാദിച്ച മന്ത്രി കോഴിക്കോടിന്റെ മണ്ണിനഭിമാനമായി മാറിയ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും ഓർമ്മപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ മതസൗഹാർദവും പരസ്പര സ്നേഹവും ബഹുമാനവും മുറുകെ പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. ഗാന്ധിജിയും നെഹ്റുവും അംബേദ്കറും മുതൽ ടാഗോർ, ഝാൻസി റാണി, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങി സ്വാതന്ത്ര്യ സമര സേനാനികൾ വേദിയിലെത്തി. എ കെ ജി, കെ കേളപ്പൻ, മന്നത്ത് പത്മനാഭൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, പഴശ്ശിരാജ, ഇ എം എസ് തുടങ്ങിയവരുടെ വേഷത്തിലും കുട്ടികളെത്തിയിരുന്നു. ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയ അവതരണത്തോടെയാണ് കലാ പരിപാടികൾ ആരംഭിച്ചത്.

വന്ദേമാതരം, സാരേ ജഹാം സേ അച്ഛാ തുടങ്ങിയ ഗീതങ്ങൾ കുട്ടികളും ദേശാഭക്തിയോടെ ഏറ്റുചൊല്ലി. ദേശഭക്തിഗാനം, നൃത്താവിഷ്‌കാരം, സംഗീതാലാപനം തുടങ്ങി വിവിധ കലാപരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. ത്രിവർണ്ണ പതാകയും ത്രിവർണ്ണത്തിലുള്ള ബലൂണുകളും തൊപ്പികളുമായി കുട്ടികൾ അണിനിരന്നപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ട കാഴ്ചയായി മാറി.

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കോർപ്പറേഷനിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺസ്, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി തുടങ്ങിയവർ പങ്കെടുത്തു.

Read Also: തെലങ്കാനയിൽ ബിജെപി പദയാത്രയ്ക്ക് നേരെ ടിആർഎസ് ആക്രമണം: ഇരുവിഭാഗത്തിലെയും നിരവധി പ്രവർത്തകർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button