മുംബൈ: വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയം ലോകം മുഴുവൻ പഠിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ‘ഭാരത്@2047: മൈ വിഷൻ മൈ ആക്ഷൻ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒറ്റനോട്ടത്തിൽ നമ്മൾ വ്യത്യസ്തരായി തോന്നാം. നമ്മൾ വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നവരും, വ്യത്യസ്തമായ വിശ്വാസവും പ്രാർത്ഥനകളും ഉള്ളവരും, വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരുമാണ്. എന്നാൽ, നമ്മുടെ അസ്ഥിത്വത്തിൽ ഐക്യമുണ്ട്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്യണം. ജീവിതം രാജ്യത്തിനായി സമർപ്പിക്കണം,’ മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധ ജാതി സമൂഹങ്ങളുണ്ടെന്നും എന്നാൽ, എല്ലാവരേയും സമത്വത്തോടെ കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നും വ്യത്യസ്ത സംസ്‌കാരങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്ന രീതി ഇന്ത്യയിൽ മാത്രമെ ഉണ്ടാകൂ എന്നും മോഹൻഭാഗവത് വ്യക്തമാക്കി.
Post Your Comments