Latest NewsKeralaNews

ചിലവന്നൂരില്‍ കാര്‍ യാത്രികരുടെ ദേഹത്ത് ടാര്‍ ഒഴിച്ച സംഭവത്തില്‍ വഴിത്തിരിവ്

പോകാന്‍ വഴിയുണ്ടായിട്ടും റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് കാര്‍ നിര്‍ത്തുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്

കൊച്ചി: കൊച്ചി ചിലവന്നൂരില്‍ കാര്‍ യാത്രികരുടെ ദേഹത്ത് ടാര്‍ ഒഴിച്ച സംഭവത്തില്‍ വാദി പ്രതിയായി. പ്രശ്‌നങ്ങള്‍ തുടങ്ങിയത് കാര്‍ യാത്രക്കാരാണെന്നും തര്‍ക്കത്തിനിടെ ടാറിംഗ് തൊഴിലാളിയുടെ കൈയിലിരുന്ന കന്നാസില്‍ നിന്ന് ടാര്‍ ഇവരുടെ ദേഹത്ത് അബദ്ധത്തില്‍ വീഴുകയാണെന്നും തെളിഞ്ഞു.

Read Also: സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇറാനിയൻ എഴുത്തുകാരി

ചിലവന്നൂര്‍ ചെറമ്മേല്‍വീട്ടില്‍ വിനോദ് വര്‍ഗീസ് (40), ചെറമ്മേല്‍ ജോസഫ് വിനു (36), ചെറമ്മേല്‍ പറമ്പില്‍ ആന്റണി ജിജോ(40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വിനോദിനും ജോസഫിനും കൈകള്‍ക്കും കാലിനും സാരമായ പൊള്ളലുണ്ട്. ആന്റണിയുടെ കൈയാണ് പൊള്ളിയത്. എന്നാല്‍ സമീപത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങളാണ് സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ടാറിംഗ് തൊഴിലാളികള്‍ തങ്ങളുടെ ദേഹത്ത് ടാര്‍ ഒഴിച്ചെന്നായിരുന്നു യുവാക്കളുടെ ആരോപണം. സംഭവത്തില്‍ കൃഷ്ണപ്പന്‍ എന്ന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാതെ ടാറിംഗ് നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ തങ്ങളുടെ ദേഹത്ത് ഒരു പ്രകോപനവും കൂടാതെ ടാറൊഴിക്കുകയായിരുന്നുവെന്നാണ് പൊള്ളലേറ്റ മൂന്ന് കാര്‍ യാത്രക്കാരും നല്‍കിയ മൊഴി. എന്നാല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കാര്‍ യാത്രികരുടെ ഈ വാദം തെറ്റാണെന്ന് മനസിലാവുകയായിരുന്നു.

പോകാന്‍ വഴിയുണ്ടായിട്ടും റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് കാര്‍ നിര്‍ത്തുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊഴിലാളികള്‍ കാറിന് പോകാന്‍ വഴിയൊരുക്കി നല്‍കുന്നുണ്ടെങ്കിലും മുന്നോട്ട് പോകാന്‍ തയ്യാറാകാതെ കാര്‍ യാത്രികരായ മൂന്ന് പേര്‍ തൊഴിലാളികളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കന്നാസിലുണ്ടായിരുന്ന ടാര്‍ ഇവരുടെ ദേഹത്ത് വീഴുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. കാറിലെത്തിയവരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ഇവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button