
മലപ്പുറം: സോഷ്യൽ മീഡിയ വഴി അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്‌സ മുണ്ടോളത്തിൽ വീട്ടിൽ നൗഫൽ എന്ന നൗഫൽ ഹമീദ് (48) ആണ് പിടിയിലായത്. വഴിക്കടവ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്ക് ഇയാൾ പണം വാങ്ങി അദ്ധ്യാപകരെ റിക്രൂട്ട് ചെയ്തു എന്നാണ് കേസ്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒഴിഞ്ഞ കെട്ടിടങ്ങൾ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കി, അവിടെ സ്‌കൂൾ സംബന്ധിയായ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കൽ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അദ്ധ്യാപികയില്‍ നിന്നും നൌഫല്‍ 35000 രൂപ തട്ടിയെടുത്തിരുന്നു. ഇവരുടെ പരാതിയില്‍ ഉള്ള അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.
വഴിക്കടവ് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ, എസ്.ഐ അജയകുമാർ ടി, എ.എസ്.ഐ മനോജ് കെ, എസ്.സി.പി.ഒ ഷീബ പി.സി, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, നിബിൻ ദാസ് ടി, ജിയോ ജേക്കബ്, സി.എം റിയാസലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
Post Your Comments