KeralaLatest NewsNews

കേന്ദ്രീകൃത ശുചിത്വ സംവിധാനത്തില്‍ കേരളം മാതൃകയാകും: മന്ത്രി

കോഴിക്കോട്: കേന്ദ്രീകൃത ശുചിത്വ സംവിധാനവും മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കേരളം തീര്‍ക്കുന്ന മറ്റൊരു മാതൃകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാതല ഹരിത സംഗമം നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേനകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെക്കുന്നത്. നമ്മുടെ നാട് ശുചിത്വ പൂര്‍ണ്ണമാകണമെങ്കില്‍ അതിനൊരു കേന്ദ്രീകൃത സംവിധാനം ആവശ്യമാണ്. ടൂറിസം മേഖലയില്‍ സഞ്ചാരികള്‍ ആവശ്യപ്പെട്ട പ്രധാന ആവശ്യമായിരുന്നു ഒരു കേന്ദ്രീകൃത ശുചിത്വ സംവിധാനം. ഇതിന് പരിഹാരമാവുന്നതാണ് ഹരിതമിത്രം മൊബൈല്‍ ആപ്പ്. ഇത് സംസ്ഥാനത്തിന്റെ ശുചിത്വ രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനത്തിന്റെ ഉദ്ഘാടനവും ഹരിത മിത്രം ട്യൂട്ടോറിയല്‍ വീഡിയോ പ്രകാശനവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സംസ്ഥാന ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ സമഗ്ര ശുചിത്വം ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ് നവകേരളം കര്‍മ്മ പദ്ധതി  വിഷയാവതരണം നടത്തി.

ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ്മസേനകളായ വടകര നഗരസഭ, ഏറാമല പഞ്ചായത്ത്, അഴിയൂര്‍ പഞ്ചായത്ത്, കുന്നംമംഗലം പഞ്ചായത്ത്, വില്യാപ്പള്ളി പഞ്ചായത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു. ക്ലീന്‍ കേരള കമ്പനിക്ക് ഏറ്റവും കൂടുതല്‍ തരംതിരിച്ച പാഴ് വസ്തുക്കള്‍ സംസ്‌കരണത്തിന് കൈമാറിയ ചോറോട്, മേപ്പയൂര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ അഭിനന്ദപത്രം നല്‍കി ആദരിച്ചു.

ചടങ്ങില്‍ എം.എല്‍.എമാരായ പി.ടി.എ റഹിം, കെ.എം സച്ചിന്‍ ദേവ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ഡോ. എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി ബാബു, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ജി ജോര്‍ജ് മാസ്റ്റര്‍, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി. സാജു, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് അബ്ദുള്‍ ലത്തീഫ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ സുധീഷ് തൊടുവയില്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.പി ഗിരീശന്‍ നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button