വെഞ്ഞാറമൂട്: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. നെല്ലനാട് പന്തപ്ലാവിക്കോണം ഷുക്കൂർ മൻസിലിൽ ഷാനു എ.നസീർ (28) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 ഓടെ സംസ്ഥാന പാതയിൽ കീഴായ്ക്കോണം കോണ്ടൂർ റസ്റ്ററന്റിന് സമീപത്തായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ ആണ് യുവാവിനെ കണ്ടെത്തിയത്.
നൈറ്റ് പെട്രോളിന് വാമനപുരം ഭാഗത്ത് പോയ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് രക്തം വാർന്ന നിലയിൽ യുവാവിനെയും സമീപത്ത് തകർന്ന നിലയിൽ ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടത്.
Read Also : അടിയന്തിരാവസ്ഥയുടെ നെറികേടുകൾ ഓർമ്മിപ്പിച്ച് കെ.എസ്.യുവിന് മറുപടിയുമായി മഹാരാജാസിൽ വീണ്ടും എസ്.എഫ്.ഐ
ഉടൻ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെഞ്ഞാറമൂട് സി ഐ സൈജു നാഥ്, എസ്ഐ വിനീഷ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനായി സിസി കാമറകൾ പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
ആറ്റിങ്ങലിൽ സലൂൺ നടത്തി വരികയായിരുന്ന ഷാനു കട അടച്ചു വീട്ടിലേക്ക് വരവേയാണ് അപകടം നടന്നത്. ഭാര്യ: നൗഷ്ണ. മകൾ: ഐറാ.
Post Your Comments