പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അടൂര്‍ പറക്കോട് കൊച്ചു കുറ്റിയില്‍ തെക്കേതില്‍ നിര്‍മല്‍ ജനാര്‍ദനനെ (കണ്ണപ്പന്, 32) ആണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അടൂര്‍, പന്തളം, പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷന് പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏല്പിക്കല്, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ പതിനഞ്ചിലധികം ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍.
Read Also : ‘കടത്തിയ സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് പുറത്തുപോയവര്‍, പാര്‍ട്ടിയുമായി ബന്ധമില്ല’: സിപിഐഎം
കഴിഞ്ഞ വര്‍ഷം അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം കാറിടിപ്പിച്ച് ഒരാളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട പ്രതി, ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഏപ്രിലില്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലും പ്രതിയായി. റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് കാപ്പാ നിയമപ്രകാരം പിടിയിലായത്. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
അതേസമയം, അടൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ കാപ്പ നിയമപ്രകാരം അഞ്ച് പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
Post Your Comments