പാൽക്ഷാമമുണ്ടായിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് വർഗീസ് കുര്യൻ. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യൻ എൻജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമായ വർഗീസ് കുര്യൻ 1921 നവംബർ 26 നാണ് ജനിച്ചത്.
Read Also: മസ്‌ക്കറ്റിൽ പോയ ഭർത്താവിനെ കണ്ടെത്തിയത് കരുവാറ്റയിൽ കന്യാസ്‌ത്രീയ്‌ക്കൊപ്പം : പരാതി നൽകി വീട്ടമ്മ
ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ് അദ്ദേഹം. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി 34 വർഷത്തോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഈ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണം നേടിക്കൊടുത്തത്.
അമുൽ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിക്കാൻ സഹായകമായത് വർഗീസ് കുര്യന്റെ പ്രവർത്തനങ്ങളാണ്. കർഷകരുടെ ഉടമസ്ഥതയിൽ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു.
അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ വേണ്ടിയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി വർഗീസ് കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡിന്റെ ചെയർമാനാക്കി നിയമിച്ചത്. പിന്നീട് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി മാറി.
വർഗീസ് കുര്യന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി രാജ്യം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. 1999 ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1989 ൽ വേൾഡ് ഫുഡ് പ്രൈസ്, 1963 ൽ മാഗ്‌സസെ പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിൽ മിൽമ പോലൊരു പ്രസ്ഥാനം സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത് ഗുജറാത്തിലെ ആനന്ദ് യൂണിറ്റിന്റെ വിജയമാണ്. മിൽമയുടെ തുടക്ക സമയത്ത് വർഗീസ് കുര്യന്റെ സഹായവും മേൽനോട്ടവും ഏറെ ഗുണപ്രദമായിട്ടുണ്ട്. ഓപ്പറേഷൻ ഫ്‌ളഡിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തേയും ഉൾക്കൊള്ളിച്ചത്. 1980-1987 കാലഘട്ടത്തിലാണ് കേരളത്തിൽ ഇതിന് തുടക്കം കുറിച്ചത്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. തുടക്കത്തിൽ കർഷകരിൽ നിന്നും പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത് 1980 ൽ ആരംഭിച്ച കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന സഹകരണ സംഘമായിരുന്നു. എന്നാൽ 1983 ഏപ്രിൽ 1 ന് മിൽമ നിലവിൽ വരുകയും സഹകരണ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
2012 സെപ്റ്റംബർ 9 നാണ് വർഗീസ് കുര്യൻ മരണപ്പെട്ടത്.
Post Your Comments