KeralaLatest News

ഇന്ന് പിള്ളേരോണം: മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ തുടക്കം

ഇന്ന് അധികമാരുടെയും അറിവിലില്ലാത്ത എന്നാല്‍, പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരു ഓണമുണ്ട് മലയാളിക്ക്…, അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. എന്നാല്‍, അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷമായിരുന്നു ഇത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം.

ഇന്ന് ആണ് ആ പിള്ളേരോണം. കുട്ടികൾക്ക് സദ്യ ഒരുക്കമായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ്  കര്‍ക്കടക മാസത്തിലെ തിരുവോണവും. തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ വിഭവങ്ങളുമുള്ള അടിപൊളി സദ്യയോടെയാണ് പണ്ടൊക്കെ ഈ ദിനം ആഘോഷിച്ചിരുന്നത്. ഓണത്തിന്റെ ഒരുക്കം ഈ ദിനം മുതലാണ്. ചിങ്ങത്തിലെ തിരുവോണം മഹാബലിയെ വരവേൽക്കാൻ ആണെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റെതാണെന്നാണ് വിശ്വാസം.

തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിന് തുടങ്ങി 28 ദിവസം നീണ്ടു നിൽക്കുന്നതാണ്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നു . ഈ ദിവസം ആണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവൽസരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്‌ജനം ചെയ്യുന്നു എന്നാണ് വിശ്വാസം.

പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂൽ ധരിക്കൽ. തിരുവോണത്തിനുള്ള പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിയങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button