തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ കോർപറേഷൻ ജീവനക്കാർക്ക് മുന്നിൽ മുട്ടുമടക്കി മേയർ ആര്യ രാജേന്ദ്രൻ. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോർപറേഷൻ പിൻവലിച്ചേക്കും. സ്വന്തം കാശ് കൊടുത്ത് വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ ഓണസദ്യ വലിച്ചെറിഞ്ഞത്. പ്രതിഷേധിച്ചവർക്കെതിരെ മേയർ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സ്ഥിരം ജോലിക്കാരെ സസ്‌പെൻഡ് ചെയ്യുകയും, താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ജീവനക്കാർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ സ്വീകരിച്ച നടപടിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. സി.പി.എമ്മിന് അകത്തും പുറത്തും ഒരുപോലെ വിമർശനമുയർന്നു. ആനാവൂർ നാഗപ്പൻ അടക്കമുള്ളർ മേയർക്കെതിരായിരുന്നു. തൊഴിലാളികൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കാൻ സി.പി.എം ആര്യയ്ക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. തൊഴിലാളികളില്‍ അധികവും സി.ഐ.ടിയു ആൾക്കാരായിരുന്നു. ഇതോടെ മേയറുടെ നടപടി വിവാദത്തിലായി.
ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഭക്ഷണം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികൾക്കൊപ്പമാണ് സോഷ്യൽ മീഡിയ. മേയറുടെ ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും സമൂഹത്തിലെ താഴെക്കിടയിലുളളവരെ ആഘോഷങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതാണെന്നുമുളള വിമർശനങ്ങളാണ് ഉയർന്നത്. ഓഫീസ് ടൈമിൽ ഓണാഘോഷം തകൃതിയായി നടക്കുമ്പോൾ വേസ്റ്റ് എടുക്കുന്ന താഴേക്കിടയിലുളള കുറച്ചുപേർ മാലിന്യത്തിൽ ഉരുണ്ട് കുളിച്ച് വന്ന് നാറിയ വേഷത്തിൽ ഔദാര്യമായി വാങ്ങിവെച്ചിരിക്കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാൽ മതിയെന്ന് പറയുന്നത് എത്ര റിഗ്രസീവ് ആണെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
Post Your Comments