ബീജിംഗ്: ചൈനയിലെ ശതകോടീശ്വരന്മാര്‍ രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. മാറ്റമില്ലാതെ തുടരുന്ന കൊവിഡ് സാഹചര്യവും, അതിനെ തുടര്‍ന്ന് കമ്മ്യൂണിസ്‌റ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തീരുമാനങ്ങളും മൂലം പൊറുതി മുട്ടിയാണ് ഇവർ രാജ്യം വിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം പതിനായിരത്തോളം സമ്പന്നരാണ് ചൈനയില്‍ നിന്നും പലായനം ചെയ്യാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ വെറുംകൈയോടെ എല്ലാം ഉപേക്ഷിച്ചല്ല അവരുടെ രക്ഷപ്പെടല്‍. 48 ബില്യണ്‍ ഡോളറിന്റെ സമ്പത്തും തങ്ങള്‍ക്കൊപ്പം അന്യരാജ്യത്തേക്ക് ഇവര്‍ കൊണ്ടുപോകുന്നുണ്ട്. മൈഗ്രേഷന്‍ കണ്‍സല്‍ട്ടന്റുമാരെയും അഭിഭാഷകരെയുമെല്ലാം തേടിയെത്തുന്ന ഫോണ്‍കോളുകള്‍ വിദേശ രാജ്യത്തേക്ക് എങ്ങനെ കുടിയേറാം എന്നത് സംബന്ധിച്ചാണ്. ചൈനയിലെ തങ്ങളുടെ സ്വത്തുക്കളും മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ ഇവര്‍ ശ്രമിക്കുന്നു. ഓസ്ട്രേലിയ , അമേരിക്ക, ഇംഗ്ളണ്ട്, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് ചൈനീസ് സമ്പന്നരുടെ നോട്ടം.
കര്‍ശനമായ ലോക്ക്ഡൗണുകളും ഇതിനെ തുടര്‍ന്നുള്ള ചൈനീസ് ഭരണകൂടത്തിന്റെ പരിശോധനകളുമാണ് ജനങ്ങളെ വലിഞ്ഞുമുറുക്കുന്നത്. ബാങ്ക് ജീവനക്കാര്‍ അവരുടെ ഓഫീസുകളില്‍ ദിവസങ്ങളോളം കുടുങ്ങിയതും, ഇലക്‌ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ തൊഴിലാളികള്‍ക്ക് കമ്പനിയില്‍ നിന്ന് പുറംലോകം കാണാന്‍ കഴിയാതെ കിടന്നുറങ്ങേണ്ടിവന്നതും, ഡിസ്‌നി ലാന്‍ഡ് കാണാന്‍ എത്തിയ വിനോദ സഞ്ചാരികള്‍ ദിവസങ്ങളോളം കുടുങ്ങിയതും ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
അക്ഷരാര്‍ത്ഥത്തില്‍ സാമ്പത്തികമായി തകര്‍ന്ന ജനത കൈയില്‍ അവശേഷിച്ചത് കൊടുത്ത് ആവശ്യമുള്ളത് വാങ്ങുകയായിരുന്നു.
അതേസമയം, സാമ്പത്തിക സര്‍വേയുടെ രണ്ടാംപാദത്തില്‍ 0.4% മാത്രമാണ് ചൈനയുടെ വളര്‍ച്ച. തൊഴിലില്ലായ്‌മ നിരക്കാകട്ടെ 18 ശതമാനവും. ചൈനയിലെ പ്രശസ്‌ത ഗെയിമിംഗ് കമ്പനിയായ എക്‌സ് ഡിയുടെ സിഇഒയും കോടീശ്വരനുമായ യീമെഗ് ഹുവാങ് അറിയിച്ചത്, കുടുംബത്തോടൊപ്പം താന്‍ ചൈനയില്‍ നിന്ന് താമസം മാറുന്നുവെന്നാണ്.
എന്നാല്‍, അത്ര എളുപ്പത്തിലൊന്നും രാജ്യം വിട്ട് മറ്റൊരിടത്തേക്ക് കുടിയേറാന്‍ ചൈനയില്‍ കഴിയില്ല. അത്യാവശ്യമല്ലാതെ രാജ്യത്തിന് പുറത്തു കടക്കുന്നതുപോലും അധികൃതര്‍ തടഞ്ഞിരിക്കുകയാണ്. 2021ന് ശേഷം അടിയന്തരഘട്ടങ്ങളിലല്ലാതെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ പോലും ഭരണകൂടം തയ്യാറാകുന്നില്ല. എന്തിനേറെ പറയുന്നു, വിസാ കാര്യങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ, വിവാഹ സര്‍ട്ടിഫിക്കറ്റോ പോലും അറ്റസ്‌റ്റ് ചെയ‌്തു നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.
Post Your Comments