ദുബായ്: യുഎഇയിലെ തൊഴിലാളികൾക്ക് കമ്പനികൾ ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് യുഎഇ പുറത്തിറക്കി. മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിർദ്ദേശ പ്രകാരം കമ്പനികൾക്ക് ഓരോ തൊഴിലാളിയുടെയും പേരിൽ ബാങ്ക് ഗ്യാരന്റിയോ അല്ലെങ്കിൽ ഇൻഷുറൻസോ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം.
ഓരോ തൊഴിലാളിക്കും 3000 ദിർഹത്തിൽ കുറയാത്ത ബ്യാങ്ക് ഗ്യാരന്റിയാണ് വേണ്ടത്. ഇത് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് വഴിയായിരിക്കണം നൽകേണ്ടത്. ഒരു വർഷത്തേക്ക് നൽകുന്ന ബാങ്ക് ഗ്യാരന്റി പിന്നീട് സ്വമേധയാ പുതുക്കപ്പെടും. ഇൻഷുറൻസിൽ 30 മാസത്തേക്കുള്ള ഇൻഷുറൻസ് പോളിസിയാണ് ഓരോ തൊഴിലാളിയുടെയും പേരിലുണ്ടാവേണ്ടത്. വിദഗ്ധ തൊഴിലാളികൾക്ക് 137.50 ദിർഹവും അവിദഗ്ധ തൊഴിലാളിക്ക് 180 ദിർഹവും അത്യാഹിത – സാധ്യതയുള്ളതും വേജ് പ്രൊട്ടക്ഷൻ സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 250 ദിർഹവും മൂല്യമുള്ള ഇൻഷുറൻസ് പോളിസി വേണമെന്നാണ് നിബന്ധന.
ഇൻഷുറൻസ് പോളിസി 20,000 ദിർഹം വരെ കവറേജ് ലഭിക്കുന്ന തരത്തിലായിരിക്കണം. ഇതിൽ ജീവനക്കാരന്റെ അവസാന 120 ദിവസത്തെ ശമ്പളം, വിരമിക്കൽ ആനുകൂല്യങ്ങൾ, തൊഴിലാളിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ചെലവ്, തൊഴിലാളി മരണപ്പെടുകയാണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, രാജ്യത്തെ മന്ത്രാലയമോ ലേബർ കോടതികളോ നിർദേശിക്കുന്നതും തൊഴിലുടമയ്ക്ക് നൽകാൻ സാധ്യമാവാത്തതുമായ മറ്റ് ചെലവുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം.
Post Your Comments