ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന കവി വരവരറാവുവിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. എൻ.ഐ.എയുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 80 വയസ്സിലധികമായ ഒരാളെ ഇനിയും ജയിലിൽ ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. പാസ്പോർട്ട് എൻഐഎയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം, കേസിലെ മറ്റ് പ്രതികളുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ പാടില്ല എന്നതാണ് ജാമ്യ വ്യവസ്ഥകൾ.
2018 ഓഗസ്റ്റ് 28 മുതൽ വരവരറാവു ജയിലിലാണ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പല തവണ വരവരറാവുവിന്‍റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. 365 ദിവസത്തിൽ 149 ദിവസവും വരവരറാവു ആശുപത്രിയിലായിരുന്നെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള റാവുവിനെ തലോജ ജയിലിൽ നിന്ന് മാറ്റി, ഹൈദരാബാദിലെ വീട്ടിൽ കഴിയാൻ അനുവദിക്കണമെന്നും റാവുവിന് വേണ്ടി ഹാജരായ ഇന്ദിരാജയ സിംഗ് പലതവണ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ച് കഴിഞ്ഞ വർഷം ബോംബെ ഹൈക്കോടതി വരവരറാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇനിയും വരവരറാവുവിന് ജാമ്യം നൽകിയിട്ടില്ലെങ്കിൽ അത് മനുഷ്യാവകാശങ്ങൾ അവഗണിക്കുന്നത് പോലെയാകുമെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
2017 ഡിസംബർ 31-ന് പുനെയിൽ നടന്ന എൽഗാർ പരിഷദ് എന്ന സംവാദപരിപാടിയിൽ നടന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് പിറ്റേന്ന് ഭീമ കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപത്തുണ്ടായ അക്രമസംഭവങ്ങൾക്ക് വഴിവച്ചതെന്ന കേസിലാണ് വരവരറാവു അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയാണ് കേസന്വേഷിച്ചത്. മാവോയിസ്റ്റുകളുമായി ചേർന്ന് വരവരറാവു ഉൾപ്പടെയുള്ളവർ ഗൂഢാലോചന നടത്തി അക്രമങ്ങൾ ആസൂത്രണം ചെയ്തെന്നാണ് എൻ.ഐ.എയുടെ വാദം. എന്നാൽ, ആരോപണങ്ങളെല്ലാം ശക്തമായി വരവരറാവു കോടതിയിൽ നിഷേധിച്ചിരുന്നു.
Post Your Comments