റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാനൊരുങ്ങി സൗദി അറേബ്യ. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുന്ന രീതിയിൽ നിലവിലെ തൊഴിൽ നിയമം സൗദി പരിഷ്‌ക്കരിച്ചു. രാജ്യത്തെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയെന്ന വിഷൻ 2030 ന്റെ ഭാഗമായുള്ള പദ്ധതികൾ പ്രകാരമാണ് പുതിയ നടപടി.
കൃത്യമായി ശമ്പളം നൽകുന്നില്ലെങ്കിൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടെത്തി മാറാൻ പുതിയ നിയമഭേദഗതിയിൽ ഗാർഹിക തൊഴിലാളികൾക്ക് അനുവാദമുണ്ട്. അപകടമായതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ജോലികൾ ചെയ്യിപ്പിക്കുന്ന കേസുകളിലും പുതിയ സ്പോൺസറുടെ കീഴിലേക്ക് തൊഴിൽ മാറാൻ വീട്ടുജോലിക്കാർക്ക് അവകാശമുണ്ടായിരിക്കും. ഒരു തൊഴിലുടമ ഗാർഹിക തൊഴിലാളിയെ അനുവാദമില്ലാതെ മറ്റൊരാളുടെ കീഴിലേക്ക് മാറ്റുന്ന സന്ദർഭങ്ങളിൽ അതിന് നിന്നു കൊടുക്കേണ്ട ബാധ്യത ജീവനക്കാർക്കില്ലെന്നും നിയമഭേദഗതിയിൽ പറയുന്നു.
ഇത്തരം സന്ദർഭങ്ങളിൽ ആദ്യ തൊഴിലുടമ പറയുന്ന ആളുടെ കീഴിലേക്ക് മാറണമെന്ന് നിർബന്ധമില്ല. സ്പോൺസറുടെ അനുവാദമില്ലാതെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട പുതിയ സ്പോൺസറെ കണ്ടെത്തി തൊഴിൽ മാറ്റം നടത്താം. പ്രൊബേഷൻ കാലയളവിൽ തൊഴിലുടമ തൊഴിൽ കരാർ റദ്ദാക്കുന്ന കേസുകളിലും ഗാർഹിക തൊഴിലാളിക്ക് സ്വന്തം നിലയ്ക്ക് മറ്റൊരു സ്പോൺസറെ കണ്ടെത്താനാവും. ഇതിന് ആദ്യ സ്പോൺസറുടെ അനുമതി ആവശ്യമില്ലെന്നും നിയമഭേദഗതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments