തൃശ്ശൂര്‍: ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നൽകാൻ തീരുമാനം. ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ പശ്ചാത്തലത്തിലാണ് നടപടി. ക്ഷേത്ര പരിസരത്ത് വച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനമായി.
തിങ്കളാഴ്ച ദര്‍ശനത്തിനെത്തിയ എട്ട് പേര്‍ക്കാണ് തെരുവ് നായുടെ കടിയേറ്റത്.
ദര്‍ശനത്തിനെത്തിയ ഭക്തര്‍ അടക്കമുള്ള എട്ട് പേരെ കടിച്ച നായ്ക്ക് പേ വിഷബാധയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്തരെ കടിച്ച നായ പിന്നീട് ചത്തിരുന്നു. ഇതിനെ മണ്ണുത്തി വെറ്റിനറി കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കടിയേറ്റവര്‍ക്കെല്ലാം വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. പേയിളകിയ നായ കൂടുതല്‍ നായ്ക്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായുടെ കടിയേറ്റവര്‍ ഉടന്‍ തന്നെ വാക്സിന്‍ എടുക്കണമെന്നും നിര്‍ദ്ദേശിക്കുന്ന തുടര്‍ വാക്സിനുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Post Your Comments