വയനാട്: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ബാണാസുരസാഗര്‍ ഡാം ജലനിരപ്പുയര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. വയനാട് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പച്ചയുമാണെങ്കിലും അതിതീവ്ര മഴ മുന്നില്‍ കണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു.
ബാണാസുരസാഗര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാതരത്തിലുമുള്ള സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കണം. നല്ല ജാഗ്രതയോടെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ബാണാസുരസാഗറില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലത്തെ അളവിനെ അപേക്ഷിച്ച് ഇന്ന് വളരെ കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയോടെ റെഡ് അലര്‍ട്ട് ആവാനുള്ള സാധ്യതയുണ്ടെങ്കിലും അപ്പര്‍ റൂള്‍ ലെവലില്‍ എത്തിയ ശേഷം പകല്‍ സമയത്തു മാത്രമേ ഡാം തുറക്കുകയുള്ളൂവെന്നും ഡാം തുറന്നാലും ദുരന്ത സാധ്യതകളിലെന്നും ജില്ലാ കളക്ടര്‍ എ. ഗീത യോഗത്തില്‍ അറിയിച്ചു.
പ്രളയത്തില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണമെന്നു ടി. സിദ്ദിഖ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ ഷാജു, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments