കൊച്ചി: ജീവിതത്തിൽ ഒരിക്കൽ പോലും ആരെയും വേദനിപ്പിക്കാത്ത മനുഷ്യനാണ് താനെന്ന് ടിനി ടോം. ട്രോളന്മാരെ താനൊരിക്കലും വിമർശിച്ചിട്ടില്ലെന്നും മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും ടിനി ടോം പറഞ്ഞു.
‘ട്രോളന്മാരായി എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കിൽ എന്നെ ട്രോളാൻ പാടില്ലെന്ന് പറയാൻ പാടില്ല. മിമിക്രി എന്നു പറയുന്നത് തന്നെ ട്രോളാണ്. ഞാനും അതിന്റെ ഭാഗമാണ്. ഏറ്റവും ഗംഭീരമായും സെന്‍സിബിളായും കമന്റ് ചെയ്യുന്ന ആളുകൾ ട്രോളന്മാരാണ്. ജീവിതത്തിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാൻ. ഒരുപാട് പേരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്.
നമ്മൾ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് ട്രോൾ വരുന്നതും അത് ശ്രദ്ധിക്കപ്പെടുന്നതും. അത് മൂലം അവര്‍ക്ക് എന്തെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യം. നമ്മൾ കാരണം ഒരുകിലോ അരിയെങ്കിലും അവർക്ക് മേടിക്കാൻ പറ്റുന്നുണ്ടെങ്കിൽ സന്തോഷമേ ഉള്ളൂ.
ജനങ്ങളിൽ നിന്നും വന്നൊരു കലാകാരനാണ് ഞാൻ. അവരുടെ കയ്യടി കിട്ടിയാണ് ഞാൻ ഇവിടെ വരെ എത്തിയത്. ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല’, ടിനി ടോം പറഞ്ഞു.
Post Your Comments