ന്യൂഡൽഹി: തിങ്കളാഴ്ച രാത്രി ബലൂചിസ്ഥാനിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പാകിസ്ഥാന്റെ സീനിയർ കമാൻഡർ ലഫ്. ജനറൽ സർഫറാസ് അലി ഉൾപ്പെടെ ആറ് പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ അപകടത്തിന്റെ ഉത്തരവാദിത്വം ബലൂച് പോരാളികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി ബലൂചിസ്ഥാനികളെ കൂട്ടക്കൊല ചെയ്തതിന് കാരണക്കാരനായ കമാൻഡർ ലഫ്. ജനറൽ സർഫറാസ് അലിയെ മുൻകൂട്ടി പദ്ധതിയിട്ട ശേഷം ബലൂചിസ്ഥാൻ പോരാളികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ, ആരാണ് സഫറാസ് അലി എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തി.
പാകിസ്ഥാൻ ആർമിയിലെ കഴിവുറ്റ ഉദ്യോഗസ്ഥനായ സർഫറാസ് അലിയെ 2020 നവംബറിൽ ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം നൽകി. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ലഫ്റ്റനന്റ് ജനറൽ സർഫറാസ് അലി ഒന്നര വർഷത്തിലേറെയായി ക്വറ്റ കോർപ്സ് കമാൻഡറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഷഹീദ് ലെഫ്റ്റനന്റ് ജനറൽ സർഫറാസ് അലി 2020 ജനുവരി മുതൽ ഡിസംബർ വരെ ഐജിഎഫ്‌സിയായും 2018 മുതൽ ഡിസംബർ 2019 വരെ ഡിജിഎംഐയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2012-ൽ സർഫറാസ് അലി ബ്രിഗേഡിയറായി 111 ബ്രിഗേഡുകളുടെ കമാൻഡറായിരുന്നു. സർഫറാസിന് 2 തവണ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ അവാർഡുകളും 2 തവണ ധീരതയ്ക്കുള്ള അംഗീകാരമായി ബസാൾട്ട് മെഡലും ലഭിച്ചിട്ടുണ്ട്. എന്നാൽ, ബലൂചിസ്ഥാനികളുടെ കണ്ണിൽ ഇദ്ദേഹം അപകടകാരിയായിരുന്നു. നിരവധി ബലൂചിസ്ഥാനികളെ കൂട്ടക്കൊല ചെയ്തതിന് കാരണക്കാരനായാണ് ലഫ്.സർഫറാസ് അലിയെ ഇവർ കാണുന്നത്. ഇതാണ് ഹെലികോപ്റ്റർ ആക്രമിച്ച് തകർക്കുന്നതിലേക്ക് കാര്യങ്ങൾ നയിച്ചതെന്നാണ് റിപ്പോർട്ട്.
ബലൂചിസ്ഥാനിലെ ലാസ്ബെല ജില്ലയിലെ മൂസ ഗോത്തിന് സമീപമാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബലൂചിസ്ഥാൻ എന്ന സ്വപ്നം സത്യമാവുന്നതു വരെ പോരാട്ടം തുടരുമെന്ന് ബലൂച് നേതൃത്വം അറിയിച്ചു. അപകടം നടന്നതിന് തൊട്ടുപിറകെ അട്ടിമറി സാധ്യതയുണ്ടെന്നും, പുറകിൽ ബലൂച് തീവ്രവാദികളാണെന്നും സംശയം ഉണ്ടായിരുന്നു.
മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ലഫ്. ജനറൽ സർഫറാസ് അലിയെ കൂടാതെ, പാകിസ്ഥാൻ തീരസംരക്ഷണ സേനയുടെ ഡയറക്ടർ ജനറൽ അംജദ് ഹനീഫ് സത്തിയും അപകടത്തിൽ മരിച്ചു. മറ്റ് നാലുപേരിൽ ഒരു ബ്രിഗേഡിയറും രണ്ട് മേജറുകളും ഒരു നായികും ഉൾപ്പെടുന്നു. ബ്രിഗേഡിയർ മുഹമ്മദ് ഖാലിദ്, മേജർ സയീദ് അഹമ്മദ്, മേജർ എം. തൽഹ മനൻ, നായിക് മുദസ്സർ ഫയാസ് എന്നിവരായിരുന്നു മരിച്ച മറ്റുള്ളവർ.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ചതിനെ തുടർന്ന് ബലൂചിസ്ഥാൻ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹെലികോപ്റ്ററിൽ ആയിരുന്നു ഇവരുണ്ടായിരുന്നത്. സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. ‘ലെഫ്റ്റനന്റ് ജനറൽ സർഫറാസ് അലിയുടെയും പാകിസ്ഥാൻ ആർമിയിലെ മറ്റ് 5 ഉദ്യോഗസ്ഥരുടെയും രക്തസാക്ഷിത്വത്തിൽ രാജ്യം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രളയബാധിതർക്ക് സഹായമെത്തിക്കുക എന്ന പവിത്രമായ കടമയാണ് അവർ ചെയ്തത്. ഈ മണ്ണിന്റെ മക്കൾ എന്നും അവരോട് കടപ്പെട്ടിരിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Post Your Comments