സെന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
ഇന്ത്യയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 76 റണ്‍സ് നേടി. 8 ഫോറുകളും, 4 സിക്സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്സ്. 50 പന്തില്‍ 73 റണ്‍സെടുത്ത മയേഴ്സാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ കെയ്ല്‍ മയേഴ്സും ബ്രാണ്ടന്‍ കിംഗും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കരുതലോടെ തുടങ്ങിയ ഇരുവരും പിന്നീട് തകര്‍ത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ മയേഴ്സ്-കിംഗ് സഖ്യം 7.2 ഓവറില്‍ 57 റണ്‍സെടുത്തശേഷമാണ് വേര്‍ പിരിഞ്ഞത്. 20 റണ്‍സെടുത്ത കിംഗിനെ മടക്കി ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പതിനേഴാം ഓവറില്‍ മയേഴ്സ്(73) പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്മെയറും(20), റൊവ്മാന്‍ പവലും(14 പന്തില്‍ 23) ചേര്‍ന്ന് വിന്‍ഡീസിനെ 164 റണ്‍സിലെത്തിച്ചു. ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവിനൊപ്പം ഓപ്പൺ ചെയ്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 5 പന്തില്‍ 11 റണ്‍സുമായി റിട്ടേര്‍ഡ് ഹെര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, ക്രീസിലെത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് സൂര്യകുമാര്‍ യാദവ് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.
Read Also:- നല്ല ഉറക്കത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍!
ഇന്ത്യയെ നൂറുകടത്തിയശേഷമാണ് അയ്യർ(27 പന്തില്‍ 24) പിരിഞ്ഞത്. ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയത്തിനരികിലെത്തിയിരുന്നു. 26 പന്തില്‍ 33 റണ്‍സുമായി റിഷഭ് പന്ത് ഇന്ത്യന്‍ വിജയം അനായാസമാക്കി. സൂര്യകുമാറാണ് കളിയിലെ താരം. വെസ്റ്റ് ഇൻഡീസ്: 164/5, ഇന്ത്യ 165/3.
Post Your Comments