വടകര: വടകര കസ്റ്റഡി മരണത്തിൽ വടകര ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. എസ്.ഐ എം. നിജേഷ് ഉൾപ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം നോട്ടീസ് അയക്കും. മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് മുൻപിൽ ഉടൻ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ശനിയാഴ്ച നോട്ടീസ് അയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക നടപടികൾ കാരണം വൈകുകയായിരുന്നു.
സജീവന്‍റെ മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സർജന്റെ മൊഴിയെടുക്കും. വടകര പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും.
സസ്പെൻഷനിലായ എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദ്ദേശിച്ചിരുന്നു. എങ്കിലും മൂന്ന് പേരും അന്വേഷണ സംഘത്തിന്ന് മുൻപിൽ ഹാജരായിരുന്നില്ല.
Post Your Comments