പത്തനംതിട്ട: ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ലഹരിയുടെ പേരിൽ പരസ്യമായി തല്ലുകൂടുന്നതും നിത്യസംഭവമാകുന്നു. പൊലീസിനോട് പോലും മര്യാദവിട്ടാണ് ഇത്തരം സംഘങ്ങൾ പെരുമാറുന്നത്. നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം ഇത്തരം സംഘങ്ങൾ തമ്പടിച്ചിരിക്കുകയാണ്.
ജില്ലയിലെ പ്രധാന നഗരത്തിലെ കെട്ടിടത്തിൽ അവിചാരിതമായി പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘത്തെ കണ്ട പൊലീസ് എന്തിനിവിടെ വന്നുവെന്ന് അവരോട് അന്വേഷിച്ചപ്പോൾ ഞങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങളാരായെന്നായിരുന്നു മറുചോദ്യം. കയ്യിൽ കണ്ടെത്തിയ ലഹരിയെക്കുറിച്ച് ചോദിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളടക്കമുള്ളവർ ബഹളം വച്ച് അവിടെ നിന്നുപോയി. സ്ഥലത്തെ സ്ഥിരം കാഴ്ചയാണിതെന്ന് സമീപത്തെ വ്യാപാരികളും അഭിപ്രായപ്പെടുന്നു.
വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നിരന്തരം അടിയുണ്ടാക്കുന്ന സ്ഥലം കൂടിയാണിത്. ഇങ്ങനെ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പിന്നാലെയാണ് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ട പന്തളത്തെ ലോഡ്ജിൽ ഉണ്ടായത്. ഹോട്ടലുകളിൽ മുറിയെടുത്ത് തങ്ങിയാണ് ഇവർ ഇടപാട് നടത്തിയിരുന്നത്. അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി പി ആര്യൻ, കുടശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ സജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗ്രാമിന് 7000 മുതൽ 9000 രുപയ്ക്ക് വരെയാണ് പ്രതികൾ എംഡിഎംഎ വിൽക്കുന്നത്. പൊലീസ് സംഘം എത്തുമ്പോൾ രാഹുൽ , ഷാഹിന, ആര്യൻ എന്നിവർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. മൂവരും മയക്ക് മരുന്ന് ലഹരിയിലായിരുന്നു. നാല് ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് മുറിയിലുണ്ടായിരുന്നു.മുറിയിൽ നിന്ന് പായ്ക്കറ്റ് കണക്കിന് കോണ്ടവും വൈബ്രേറ്റർ പോലെയുള്ള ലൈംഗിക ഉപകരണങ്ങളും, ലൈംഗിക ഉത്തേജക മരുന്നുകളും കണ്ടെടുത്തു.
മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളായ വിധു കൃഷ്ണൻ , സജിൻ സജി എന്നിവരെ പറ്റി വിവിരം ലഭിച്ചത്. തുടർന്ന് പ്രതികളെ ഉപയോഗിച്ച് തന്നെ രണ്ട് പേരെയും പൊലീസ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. 150 ഗ്രാം എംഡിഎംഎ എത്തിച്ചത് ഇവരാണ്. വിശദമായ ചോദ്യം ചെയ്യലിൽ വിൽപ്പനക്കെത്തിച്ച ലഹരിവസ്തുക്കളാണെന്ന് പ്രതികൾ സമ്മതിച്ചു. ബെംഗളുരുവിൽ നിന്നാണ് നിരോധിത മയക്കുമരുന്ന് എത്തിക്കുന്നത്. കേരളത്തിൽ ഇതു വരെ നടന്നതിൽ വച്ച് ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments