വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെട്ട വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് ഗോബി മഞ്ചൂരിയന്‍. പലര്‍ക്കും ഉണ്ടാക്കാന്‍ ആഗ്രഹം ഉണ്ട് എങ്കിലും റെസിപ്പി കൃത്യമായി അറിയാത്തത് ഒരു പ്രശ്‌നമാകുന്നു. എന്നാൽ, വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ വിഭവത്തെക്കുറിച്ച് കൂടുതൽ അറിയാം.
ആവശ്യമായ സാധനങ്ങൾ
കോളിഫ്ലവർ -ഒന്ന്
മൈദ- 3 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ- 2 ടേബിൾസ്പൂൺ
മുളകുപൊടി- അര ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
സോയ സോസ്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം കോളി ഫ്ലവർ ചെറുതായി അരിഞ്ഞ് മഞ്ഞൾ വെള്ളത്തിൽ ഇട്ട് വയ്ക്കണം. ശേഷം നന്നായി കഴുകി തുടച്ചെടുക്കുക. ശേഷം പൊടികളും സോയാ സോസും നന്നായി മിക്സ് ചെയ്തു എടുക്കണം. അല്പം വെള്ളം ചേർത്ത് വേണം മിക്സ് ചെയ്യാൻ. അയഞ്ഞു പോകരുത്. ശേഷം കോളിഫ്ലവർ ചേർത്ത് കൊടുക്കാം. എല്ലാം കൂടി നന്നായി പിരട്ടി യോജിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.
കറിക്ക് വേണ്ടത്
ഇഞ്ചി – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
സവാള- 2 എണ്ണം
ക്യാപ്സികം- 1 എണ്ണം
സ്പ്രിങ് ഒണിയൻ- ഒരു ടേബിൾസ്പൂൺ
സോയ സോസ്- അര ടേബിൾസ്പൂൺ
തക്കാളി സോസ്- മുക്കാൽ ടേബിൾസ്പൂൺ
ചില്ലി സോസ്- അര ടേബിൾസ്പൂൺ
പച്ചമുളക്- 4 എണ്ണം നീളത്തിൽ അരിഞ്ഞത്
പഞ്ചസാര- കാൽ ടീസ്പൂൺ
എള്ളെണ്ണ- ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ സൺഫ്ലവർ ഓയിലിൽ വറുത്തു കോരാം. നല്ല ക്രിസ്പി ആയി വേണം വറുക്കാൻ. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാം. എള്ളെണ്ണ ഉപയോഗിക്കാം അല്ലെങ്കിൽ കോളിഫ്ലവർ വറുക്കാൻ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാം.
ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർക്കാം. നന്നായി വഴറ്റിയ ശേഷം സോസുകൾ ചേർക്കാം. ചാറിനു വേണ്ടി ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇളക്കി യോജിപ്പിക്കുക.
ഇനി വറുത്ത് വച്ചിരിക്കുന്ന കോളിഫ്ലവറും ക്യൂബ്സ് ആയി മുറിച്ച ക്യാപ്സികവും സവാളയും സ്പ്രിങ് ഒണിയനും ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കാം. സവാളയും ക്യാപ്സികവും ഒന്ന് വാടിയാൽ മതിയാകും. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. സ്വാദൂറും ഗോപി മഞ്ചൂരിയന്‍ തയ്യാറായി.
Post Your Comments