തിരുവനന്തപുരം: കാട്ടുകൊമ്പൻമാരെയും കാട്ടുപോത്തുകളെയുമൊക്കെ മയക്കു വെടിവെച്ചിടുന്നത് എങ്ങനെയെന്നറിയാൻ നിങ്ങൾക്കും അവസരം. കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മേഗാമേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെത്തിയാൽ മനുഷ്യർക്ക് ഉപദ്രവമാകുന്ന മൃഗങ്ങളെ ക്യാപ്ച്ചർ ഗൺ ഉപയോഗിച്ച് മയക്കു വെടിവയ്ക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കാണിച്ചു തരും. മയക്കു വെടി വയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിലെ മിഥ്യാധാരണകളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിംഗ് നേടിയ ഉദ്യോഗസ്ഥർ സന്ദർശകർക്കായി കൃത്യമായ വിവരണത്തോടെയുള്ള പ്രകടനം കാഴ്ചവെക്കുന്നത്.
Read Also: ഭർത്താവുമായി അവിഹിത ബന്ധം: യുവനടിയെ ഓടിച്ചിട്ടടിച്ച് നടൻറെ ഭാര്യ, വൈറലായി വീഡിയോ
മെയ് 27 വരെ എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ പ്രകടനം ഉണ്ടാകും. ഇത് കൂടാതെ വൈവിധ്യമാർന്ന കാഴ്ചകളാണ് മൃഗസംരക്ഷണ വകുപ്പ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കുഞ്ഞൻ ഫാൻസി മൈസ് മുതൽ ഭീമൻ ഇഗ്വാനയെ വരെ നേരിട്ട് കാണാനും പരിലാളിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അപൂർവയിനം സ്‌കോട്ടിഷ് ഫോൾഡ് ഉൾപ്പെടെ അഞ്ചിനം പൂച്ചകളും, ഹാംസ്റ്ററുകളും, കോഴികളും, ഗ്രേ പാരറ്റ് ഉൾപ്പെടെയുള്ള പക്ഷികളും സന്ദർശകരെ കാത്തിരിപ്പുണ്ട്. ചാണകത്തിൽ നിന്ന് നിർമ്മിക്കാൻ കഴിയുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങളെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേകം സ്റ്റാളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ ഇന്ത്യൻ മൂർഖന്റേത് ഉൾപ്പെടെ ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ച സ്‌പെസിമെനുകൾ, പാലിൽ അണുബാധയുണ്ടോ എന്നറിയാനുള്ള പരിശോധന കിറ്റ്, പശു, ആട് കോഴി എന്നിവയ്ക്ക് വരുന്ന വിവിധയിനം രോഗങ്ങൾക്കുള്ള വാക്‌സിനുകൾ, ആനയുടെ പല്ല്, വളർത്തു പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയും പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികളെ രസിപ്പിക്കാൻ ക്വിസ് മത്സരവും കർഷകന്റെയും പശുവിന്റെയും മാതൃകക്ക് ഒപ്പമുള്ള ആകർഷകമായ സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട്. ക്വിസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സമ്മാനവും ഒരു സുന്ദരൻ കുതിരക്കൊപ്പം സെൽഫി എടുക്കാനുള്ള അവസരവുമുണ്ട്.
Post Your Comments