കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണം. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263.33 കോടി മൂല്യമുള്ള 585.79 കിലോ ഗ്രാം സ്വര്‍ണ്ണമാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടിയത്.
കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,258 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 675 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 184.13 കോടി മൂല്യമുള്ള 403.11 കിലോ സ്വര്‍ണ്ണം 652 കേസുകളില്‍ നിന്ന് പിടികൂടി. ഏറ്റവും കൂടിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്. 1,084 കേസുകളിലായി 267 കോടി മൂല്യമുള്ള 766.68 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018-19 കാലയളവിലാണ്.
1,167 കേസുകളിലായി 163.91 കോടി മൂല്യമുള്ള 653.61 കിലോ സ്വര്‍ണ്ണം പിടികൂടി. പൊലീസിന്റെയും മറ്റ് ഏജന്‍സികളുടെയും കൃത്യമായ പരിശോധനയിലാണ് അനധികൃത സ്വര്‍ണ്ണക്കടത്ത് പിടികൂടാന്‍ കഴിയുന്നത് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ‘പ്രധാനമായും കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് സമീപ ദശകങ്ങളില്‍ പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ജ്വല്ലറി മേഖലയുടെ വളര്‍ച്ചയും സ്വര്‍ണത്തിനുള്ള ഉയര്‍ന്ന ആവശ്യവും ഉയര്‍ന്ന ഇറക്കുമതി തീരുവയുമാണ് മലബാര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്തിന്റെ പ്രധാന കാരണം.’
‘ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയ യാത്രക്കാര്‍ക്കെതിരെയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉയര്‍ന്ന കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്ന കള്ളക്കടത്ത് റാക്കറ്റുകളുടെ വാഹകരായി പ്രവര്‍ത്തിച്ചവരാണിവര്‍’, എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കസ്റ്റംസ് വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുവെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടിയത് പൊലീസ് ഉദ്യോഗസ്ഥരാണ്. അതിനാലാണ് കേരളത്തില്‍ ഇത്രയും ഉയര്‍ന്ന കേസുകള്‍’, എന്നും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments