ലഖ്നൗ: മാളുകൾ, റെസ്റ്റോറന്റുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകുന്നത് തടയാനാണ് നീക്കം. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാ ഭരണാധികാരികൾക്ക് കത്തയച്ചു. ഈ വിഷയത്തിൽ നയം രൂപീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ജില്ലാ ഭരണകൂടങ്ങൾക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ഉത്തരവിൽ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തി. ‘സ്‌കൂൾ സമയങ്ങളിൽ ക്ലാസ് കട്ട് ചെയ്ത് ആൺകുട്ടികളും പെൺകുട്ടികളും മാളുകളിലും റെസ്റ്റോറന്റുകളിലും പാർക്കുകളിലും കറങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പല അപകടങ്ങൾക്കും ഇടയാക്കും. പൊതു സ്ഥലങ്ങളിൽ സ്കൂൾ സമയങ്ങളിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കണം’, ബാലാവകാശ കമ്മീഷൻ മേധാവി സുചിത്ര ചതുർവേദി ജില്ലാ ഭരണാധികാരികൾക്ക് അയച്ച കത്തിൽ പറഞ്ഞു.
സ്‌കൂളിൽ പോകാനെന്നു പറഞ്ഞ് പല വിദ്യാർത്ഥികളും വീട്ടിൽ നിന്നും ഇറങ്ങാറുണ്ടെന്നും ഇവരിൽ ചിലർ പലപ്പോഴും ക്ലാസിൽ പോകാതെ, സമയം ചെലവഴിക്കാൻ മറ്റിടങ്ങളിലേക്ക് പോകുന്നതായി കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു നീക്കവുമായി മുൻപോട്ടു പോകുന്നത്.
പ്രീ-പ്രൈമറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ നിരോധനം ബാധകമാകുക. 11-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും ചില വിദ്യാർത്ഥികൾ ജൂനിയർ കോളേജുകളിൽ പ്രവേശനം നേടാറുണ്ട്. പുതിയ നിയമം അവർക്കും ബാധകമായിരിക്കും.
Post Your Comments