കൊൽക്കത്ത: അദ്ധ്യാപക നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജിയും സഹായി അർപ്പിത മുഖർജിയും സംയുക്തമായി സ്വത്ത് സമ്പാദിച്ചതായി രേഖകൾ പുറത്ത്. ബംഗാൾ എസ്.എസ്.സി അഴിമതിക്കേസിലെ രണ്ട് പ്രതികളും ചേർന്ന് 2012ൽ ശാന്തിനികേതനിൽ ഫാം ഹൗസ് വാങ്ങിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇരുവരും ചേർന്ന് വാങ്ങിയ ഫാം ഹൗസിന് 20 ലക്ഷം രൂപയാണ് ചെലവായതെന്ന് രേഖയിൽ പറയുന്നു.
അതേസമയം, അർപ്പിത മുഖർജിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരംഭിച്ചു. ഇവയിൽ രണ്ട് കോടി രൂപയോളം ഉള്ളതായും അധികൃതർ കണ്ടെത്തി. അർപ്പിത മുഖർജിയ്ക്ക് പങ്കാളിത്തമുള്ള നിരവധി കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.
അർപ്പിതയ്ക്ക് കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുമെന്നും പാർത്ഥ ചാറ്റർജിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ അർപ്പിത മുഖർജിയുടെയും പാർത്ഥ ചാറ്റർജിയുടെയും ചോദ്യം ചെയ്യൽ ആരംഭിച്ചതായും ഇ.ഡി അധികൃതർ വ്യക്തമാക്കി.
Post Your Comments