2022ല്‍ രാജ്യം 75മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികളെ നമ്മള് എപ്പോഴും ഓർക്കേണ്ടതുണ്ട്. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് 1947 ഓഗസ്റ്റ് 15ന് നമുക്ക് സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത്. നമ്മള് ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പലരും ജീവന് വെടിഞ്ഞതിന്റെ ഫലമായി ലഭിച്ചതാണ്. ബ്രിട്ടിഷാധിപത്യത്തിൽനിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയില്‍ പല ഭാഗത്തായി വിവിധ സമരങ്ങള്‍ നടന്നു.
ഇന്ത്യയില്‍ കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. എന്നാല്‍, പിന്നീട് ഇന്ത്യയുടെ ഭരണം നേടിയെടുക്കുകയായി അവരുടെ ലക്ഷ്യം. അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് അവര്‍ ഭരണം പിടിച്ചെടുത്തു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ചെറിയ തോതിലുള്ള സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 1947 ആഗസ്റ്റ് 15ന് നമ്മള് സ്വാതന്ത്ര്യം നേടുമ്പോള്‍ അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആ കരുത്തുറ്റ നേതാക്കള്‍ ഇവരാണ്.
മഹാത്മാ ഗാന്ധി
ആധുനിക വിദ്യാഭ്യാസം നേടിയ വിരലിലെണ്ണാവുന്ന ദേശ സ്നേഹികളുടെ കൂട്ടത്തില്‍ മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇന്ത്യയിലെ ദരിദ്രരായ ജനങ്ങളെ വിമോചനപ്പോരാട്ടത്തിന് മുന്നില്‍ നിന്ന് നയിക്കുകയും അവര്‍ക്ക് പുതിയ വഴി തെളിയിച്ചു കൊടുക്കുകയും ചെയ്ത യുഗപുരുഷന് എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ചരിത്രം രേഖപ്പെടുത്തുന്നത്.
ബാപ്പുജി, ഗാന്ധിജി എന്നി പേരുകളില്‍ അദ്ദേഹം അറിയപ്പെടാറുണ്ട്. അഹിംസയുടെ ആള്‍രൂപമാണ് അദ്ദേഹം. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം പാവങ്ങളുടെ കൂടെയാണ് ജീവിച്ചത്. ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിക്കേണ്ടിവന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന ഗാന്ധി ജയന്തിദിനം അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയായി ആചരിക്കപ്പെട്ടു തുടങ്ങി.
ജവഹർലാൽ നെഹ്രു
ആധുനിക ഇന്ത്യയുടെ ശില്പി എന്ന പേരിലാണ് ജവഹർലാൽ നെഹ്രു അറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ചരിത്രകാരൻ എന്നി നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു. ചേരിചേരാനയം അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ മുന്നില്‍ നിന്ന് നയിച്ച പോരാളിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1947 മുതൽ 1964ൽ മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു നെഹ്റു. സോഷ്യലിസത്തിലൂടെയാണ് അദ്ദേഹം നാലുപതിറ്റാണ്ടോളം ഇന്ത്യയെ ഭരിച്ചത്.
സുഭാസ് ചന്ദ്രബോസ്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു സുഭാസ് ചന്ദ്രബോസ്. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോകുന്നില്ലെന്ന് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.
പതിനൊന്ന് തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഭഗത് സിംഗ്
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി ചെറിയ പ്രായത്തില്‍ രക്തസാക്ഷിത്വം വഹിച്ച ആളായിരുന്നു ഭഗത് സിംഗ്. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായി എന്ന കുറ്റത്തിനാണ് അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയത്. ബാല്യകാലം മുതൽ തന്നെ ഭഗത് സിംഗ് സമരങ്ങളില്‍ പങ്കെടുത്തിരുന്നു. സായുധപോരാട്ടത്തിന് മുൻഗണന നൽകിയ അദ്ദേഹത്തെ ചരിത്രകാരന്മാർ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നാണ് വിശേഷിപ്പിച്ചത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.
ചന്ദ്രശേഖർ ആസാദ്
ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ പ്രധാനപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി. ഭഗത് സിംഗിന്റെ ഗുരുവാണ് ചന്ദ്രശേഖര്‍ ആസാദ്. വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചാണ് അദ്ദേഹം സമര രംഗത്ത് എത്തുന്നത്. വളരെ ചെറിയപ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ആളാണ് ചന്ദ്രശേഖർ ആസാദ്. നിസ്സഹകരണ പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവയില്‍ പ്രചോദനം ഉള്‍കൊണ്ടാണ് അദ്ദേഹം സമര രംഗത്ത് എത്തിയത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ നേതാവായിരുന്നു അദ്ദേഹം.
ബാല ഗംഗാധര തിലകൻ
സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ നേതാവായിരുന്നു ബാല ഗംഗാധർ തിലക്. കൂടാതെ അദ്ദേഹം രാഷ്ട്രീയനേതാവും, പത്രപ്രവർത്തകനും സംസ്കൃത പണ്ഡിതനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെചെയ്യും എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഹിന്ദുക്കളുടെ ഇടയിൽ നിലനിന്നിരുന്ന അയിത്തം, സ്ത്രീകളുടെ വിവാഹപ്രായം പത്തിൽ നിന്നും പന്ത്രണ്ട് ആക്കുക തുടങ്ങിയ ഹിന്ദുക്കളുടെ പ്രശ്നങ്ങളെ അദ്ദേഹം സജീവമായി എതിര്‍ത്തിരുന്നു. മറാഠി ഭാഷയിലെ പത്രത്തില്‍ പല ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് എഴുതിയ അദ്ദേഹം നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നു. ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമരമുറകൾ സ്വീകരിക്കണം എന്ന നിലപാട് സ്വീകരിച്ച ആളായിരുന്നു അദ്ദേഹം. കോൺഗ്രസ്സിലെ തീവ്രവാദി നേതാവ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഗോപാലകൃഷ്ണ ഗോഖലെ
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. സ്കൂൾ അധ്യാപകനായും കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ച ശേഷമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടന അദ്ദേഹം സ്ഥാപിക്കുയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതിനോടൊപ്പം അദ്ദേഹം സാമൂഹിക പരിഷ്കരണത്തിനും ഊന്നല്‍ നല്‍കിയിരുന്നു. 1889ലാണ് ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമാകുന്നത്.
ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ, ദാദാഭായ് നവറോജി, ആനി ബസന്റ്, ബാല ഗംഗാധര തിലകൻ തുടങ്ങിയവരായിരുന്നു അന്ന് കോൺഗ്രസ്സിൽ ഉണ്ടായിരുന്ന നേതാക്കള്‍. ബാലഗംഗാധരതിലകനും കോൺഗ്രസ്സിന്റെ ജോയിന്റ് സെക്രട്ടറിയായപ്പോള്‍ ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജോയിന്റ് സെക്രട്ടറി പദവിയിലെത്തി.
Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ!
1912 ൽ ഗാന്ധിയുടെ ക്ഷണപ്രകാരം ഗോഖലെ ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായത് ഗോഖലെയാണ്. ഗോഖലെയുടെ നല്ല ഗുണങ്ങൾ ഗാന്ധിജിയെ അദ്ദേഹത്തിന്റെ ആരാധകനാക്കി. ഗന്ധിജി തന്റെ ആത്മകഥയില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നുണ്ട്. ജീവിതത്തിന്റ അവസാന നാളുകളിൽ ഗോഖലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ധാരാളം യാത്രകൾ നടത്തിയിരുന്നു. 1915ന് ഗോഖലെ അന്തരിച്ചു.
Post Your Comments