News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി ആർ ബിന്ദു

 

 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തതായും സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 25 കോടി രൂപ ബാങ്കിന് അനുവദിക്കും. പ്രത്യേക പാക്കേജ് നൽകും. പ്രശ്നങ്ങൾ ഉണ്ടായ ആളുകൾക്ക് ഒപ്പമാണ് താനുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രിപറഞ്ഞത്. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നുമായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. ഇത് വലിയ തോതിലുള്ള വിമര്‍ശനമത്തിനിടയാക്കിയിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് എഴുപത് വയസുകാരി മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാർ സർവ്വീസിൽ നിന്നും വിമരിച്ചപ്പോൾ ലഭിച്ച പണവും ഭർത്താവ് ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button