100 വർഷത്തോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടി 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒട്ടേറെ വികസനങ്ങൾ ഇന്ത്യയിൽ ഉണ്ടായി. വിദ്യാഭ്യാസ മേഖല, കാർഷിക രംഗം, സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ മേഖല, ശാസ്ത്ര രംഗം തുടങ്ങിയ മേഖലകളിലെല്ലാം വലിയ വികസനങ്ങളാണ് നടന്നത്.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്ക്കായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാജ്യത്തെ സ്‌കൂളുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. 2002-ൽ ഭരണഘടനയുടെ 86-ാം ഭേദഗതി പാസാക്കി പാർലമെന്റ് 6 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി.
സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 12.2% മാത്രമായിരുന്നു, 2011-ലെ സെൻസിൽ ഇത് 74.04% ആയി ഉയർന്നു. 6 മുതൽ 14 വയസു വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 2000-2001 കാലയളവിൽ സർവ്വശിക്ഷ അഭിയാൻ പദ്ധതിയും രാജ്യത്ത് ആരംഭിച്ചു.
ഗ്രാമപ്രദേശങ്ങളിൽ സ്‌കൂളുകളുടെ എണ്ണവും ഉയർത്തി. സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാനും, വിദ്യാർത്ഥികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനും വേണ്ടി ഉച്ചഭക്ഷണ പദ്ധതിയും ഇന്ത്യയിൽ നടപ്പിലാക്കി.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം വളരെ കുറവായിരുന്നു. എന്നാൽ, സർക്കാരിന്റെ നിരന്തര പരിശ്രമ ഫലമായി ഈ കാര്യത്തിൽ വലിയ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1989 ൽ മഹിളാ സമയ പരിപാടി എന്ന പദ്ധതിയും ഇന്ത്യ ആവിഷക്കരിച്ചിരുന്നു. ഇന്ത്യ 75 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലാണെന്നുള്ളത് ഓരോ ഇന്ത്യക്കാരനും അഭിമാന നേട്ടം തന്നെയാണ്.
Read Also: കൊല്ലം ജില്ല അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 5 ന്
Post Your Comments