വിഴിഞ്ഞം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ കിരണിന്റെ (25) മൃതദേഹമാണ് പിന്നീട് എല്ലാവരും കണ്ടത്. ഈ മാസം 12 ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു കിരണും കൂട്ടുകാരും ബന്ധുക്കളുമായ മേല്‍വിന്‍, അനന്തു എന്നിവരോടൊപ്പം ആഴിമല ക്ഷേത്രത്തിന് സമീപം എത്തിയത്.
1.10 ഓടെ പെണ്‍കുട്ടിയുടെ വീടിനു സമീപം എത്തിയ ഇവർ പിന്നീട് വീടിന് സമീപത്തെ ഇടവഴിയിലൂടെ നടന്ന് ആഴിമല റോഡില്‍ എത്തി.
എന്നാൽ ഇവരും, ഇവരെ പിന്തുടര്‍ന്നു എത്തിയ പെണ്‍കുട്ടിയുടെ ബന്ധുവായ രാജേഷ്, പെണ്‍കുട്ടിയുടെ സഹോദരൻ, സുഹൃത്ത് എന്നിവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കിരണിന് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു.
കിരണിനെ രാജേഷ് ബൈക്കിൽ കയറ്റി പോകുന്നു. പിന്നാലെ സുഹൃത്തുക്കളെ കാറിൽ കയറ്റി മറ്റു രണ്ടു പേർ പിന്നാലെ പോവുകയും ചെയ്തു.
മുന്നിൽ പോയ ബൈക്കിനടുത്ത് കാർ എത്തിയപ്പോൾ കിരൺ ഓടിപ്പോയെന്നു ആയിരുന്നു രാജേഷിന്റെ മറുപടി.
ഒന്നരക്ക് ശേഷം ആഴിമല കടലിലേക്കുള്ള റോഡിലൂടെ കിരൺ ഭയന്ന് ഓടുന്ന ദൃശ്യം പുറത്തുവരുന്നു. പിന്നീട് 1.44 ന് ആണ് ഒരാൾ കടലിൽ അകപ്പെട്ടതായി വിഴിഞ്ഞം പോലീസിന് ഫോൺ സന്ദേശം ലഭിക്കുന്നതും തുടർന്ന്, അന്വേഷണം ആരംഭിക്കുന്നതും.
2022 ജൂലൈ 13 പുലർച്ചെ തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞതായി വിഴിഞ്ഞം പോലീസിന് വിവരം ലഭിക്കുകയും 10.15 ഓടെ വിഴിഞ്ഞം പോലീസ് കിരണിന്റെ ബന്ധുക്കളുമായി ഇരയിമ്മൻ തുറ തീരത്ത് എത്തി ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
ജൂലൈ 27 നാണ് മൃതദേഹം കിരണിന്റേതാണെന്ന് ഡി.എൻ.എ പരിശോധന ഫലം വന്നത്. പിന്നീട്, ഒന്നാം പ്രതി രാജേഷ് പോലീസിൽ കീഴടങ്ങി.
എന്നാല്‍, കിരൺ കടലിൽ ചാടി ജീവനൊടുക്കിയതാണോ, അബദ്ധത്തിൽ കടലിൽ അകപ്പെട്ടതാണോ, കിരണിനെ അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം ആര്‍ക്കും ലഭിച്ചിട്ടില്ല.
Post Your Comments