Latest NewsKeralaNews

ആയിരം കഴുതപ്പുലികൾ കൂട്ടമായി വന്നാക്രമിച്ചാലും സോണിയ ഗാന്ധിയെ ഒരു നിമിഷത്തേക്കുപോലും തകർക്കാനാവില്ല: ടി എൻ പ്രതാപൻ

പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞവർ തന്നെ ഇന്ന് സഭ തടസ്സപ്പെടുത്തുന്ന കാഴ്ച്ചക്കും സഭ സാക്ഷ്യം വഹിച്ചു.

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ടി.എൻ പ്രതാപൻ എം.പി. ഇന്ന് പാർലമെന്റിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മറ്റു ബിജെപി നേതാക്കളും ചേർന്ന് കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോകസഭാംഗവുമായ സോണിയ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പ്രതാപൻ പറഞ്ഞു. മകളുടെ ഗോവയിലെ ബാറിന്റെ അനധികൃത ലൈസൻസ് കേസിൽ സ്വന്തം പാർട്ടിക്കാർ പോലും രക്ഷക്കെത്താത്ത സാഹചര്യത്തിൽ സോണിയ ഗാന്ധിയെ ആക്ഷേപിച്ച് പാർട്ടിക്കാരുടെ പിന്തുണ നേടിയെടുക്കാമെന്ന് സ്മൃതി കരുതുന്നുണ്ടാവുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് പാർലമെന്റിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മറ്റു ബിജെപി നേതാക്കളും ചേർന്ന് കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോകസഭാംഗവുമായ സോണിയ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കഴിഞ്ഞ ദിവസം വിജയ്‍ചൗക്കിൽ നടന്ന സമരത്തിനിടെ രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ മാർച്ച് ചെയ്യാൻ ശ്രമിച്ചതിനിടയിൽ കോൺഗ്രസിന്റെ സഭാകക്ഷി നേതാവ്, ബംഗാളിൽ നിന്നുള്ള, ആധിർരഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’ എന്ന് പരാമർശിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

രാഷ്‌ട്രപതി/ പ്രസിഡന്റ്/ ഗവർണ്ണർ തുടങ്ങിയ പദവികൾക്ക് സ്ത്രീലിംഗ-പുല്ലിംഗ വ്യത്യാസങ്ങൾ ഇല്ലാത്തതാണ്. നേരത്തെ യുപിഎയുടെ നാമനിർദ്ദേശത്തിലൂടെ വന്ന് രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ പദവിയാരോഹണ സമയത്ത് ഈ വിഷയത്തിൽ സംസാരങ്ങൾ ഉണ്ടായത് പലർക്കും ഓർമ്മ കാണും. അതുകൊണ്ട് രാഷ്‌ട്രപതി എന്നുതന്നെയാണ് വനിതാ രാഷ്ട്രപതിമാരെയും സംബോധന ചെയ്യേണ്ടത്. അതിരിക്കട്ടെ, കഴിഞ്ഞ ദിവസം ആധിർ രഞ്ജൻ ചൗധരിജി പറഞ്ഞത് മനഃപൂർവ്വമല്ലെന്നും അതൊരു നാക്കുപിഴയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചതും വിഷയം ശ്രദ്ധയിൽ പെടുത്തിയ മാധ്യമപ്രവർത്തകനോട് തന്റെ ഖേദം അറിയിച്ചിരുന്നതുമാണ്.

Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ

പക്ഷെ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ സഭയിൽ ചർച്ച ചെയ്യാതെ ഒളിച്ചുനടക്കുന്ന ഭരണപക്ഷത്തിന് ഒരവസരം കിട്ടിയ സന്തോഷത്തിൽ തങ്ങൾ ഭരണപാർട്ടിയാണെന്നുപോലും മറന്ന് പാർലമെന്റ് വളപ്പിൽ പ്രകടനവും പാർലമെന്റിനകത്ത് വലിയ ബഹളങ്ങളുണ്ടാക്കുകയുമാണ് അവർ ചെയ്തത്. ഏറ്റവും ആശ്ചര്യപ്പെടുത്തുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യം ആധിർ ജി ആ പരാമർശം നടത്തുമ്പോൾ അവിടെ ഇല്ലാതിരുന്ന, ആ പ്രയോഗത്തെ ഏതെങ്കിലും തരത്തിൽ പ്രോത്സാഹിപ്പിച്ചിട്ടില്ലാത്ത സോണിയ ഗാന്ധിയുടെ നേർക്ക് ബിജെപി അംഗങ്ങൾ ആക്രോശത്തോടെ ആക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടിരുന്ന കാഴ്ച്ചയാണ്.

പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞവർ തന്നെ ഇന്ന് സഭ തടസ്സപ്പെടുത്തുന്ന കാഴ്ച്ചക്കും സഭ സാക്ഷ്യം വഹിച്ചു. സഭയിൽ മുതിർന്ന ബിജെപി വനിതാ എംപിയായ രാമദേവിജിയോട് സോണിയാജി “ആധിർ ഖേദപ്രകടനം നടത്തിയ വിഷയം എന്തിനാണ് ഇത്ര വഷളാക്കുന്നത്. അല്ലെങ്കിലും ഇതിലേക്ക് എന്നെ വലിച്ചിഴക്കേണ്ട കാര്യമെന്താണ്?” എന്ന് ചോദിച്ചു. ഇതുകേട്ട് ഇടയിൽ കയറി സംസാരിക്കാൻ ശ്രമിച്ച സ്മൃതി ഇറാനിയോട് “നിങ്ങൾ എന്നോട് സംസാരിക്കേണ്ട, ഞാൻ ഇവരോട് സംസാരിക്കുന്നുണ്ട്” എന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇത് കേട്ടതോടെ സ്മൃതിയുടെ അഹങ്കാരം പത്തിവിടർത്തി. അവിടെയും അവർ കുറെ ബഹളമുണ്ടാക്കി. ഈ കാട്ടിക്കൂട്ടലുകൾക്ക് സഭാധ്യക്ഷൻ എന്തെങ്കിലും നടപടി എടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഉന്നയിക്കുന്ന ഞങ്ങൾക്ക് റിസർവ്ഡ് ആണല്ലോ.

കോൺഗ്രെസും സോണിയ ഗാന്ധിയും ആദിവാസി വിരുദ്ധരാണ് എന്ന് പറയുന്ന സ്മൃതി ഇറാനിക്കും ബിജെപി എംപിമാർക്കും മറ്റു ബിജെപി വിഡ്ഢികൾക്കും മധ്യപ്രദേശിലെ രാംപ്യാരി ഭായ് എന്ന ഗോത്ര വനിതയെ അറിയുമോ? ആദിവാസി വനിതയെ രാഷ്‌ട്രപതി ആക്കി മറുവശത്തുകൂടി അദാനിക്ക് ആദിവാസി ഭൂമികൾ പതിച്ചു നൽകുന്ന ഏർപ്പാട് മറച്ചു പിടിക്കാൻ സഭയിൽ ഞങ്ങളുടെ നേതാവിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല. ഗുജറാത്തിൽ പട്ടേൽ പ്രതിമ ഉണ്ടാക്കാൻ ബിജെപി മുക്കിക്കളഞ്ഞ ആദിവാസി ഊരുകളുടെ എണ്ണം സ്മൃതിക്ക് അറിയുമോ?

സോണിയ ഗാന്ധിയെ സ്ത്രീ വിരുദ്ധ എന്നുവിളിച്ച സ്മൃതി, ഉന്നാവോയിൽ ബിജെപി എംപിയും കൂട്ടുകാരും ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തപ്പോൾ ആ പെൺകുട്ടിയുടെ രക്ഷിതാക്കളെ വണ്ടികയറ്റി കൊന്നപ്പോൾ, ചുട്ടുകൊന്നപ്പോൾ, കേസ് അട്ടിമറിച്ചപ്പോൾ എവിടെയായിരുന്നു? ഒരിക്കൽ എനിക്ക് സഭയിൽ സസ്‌പെൻഷൻ കിട്ടിയത് ഇവരോട് ഈ ചോദ്യം ചോദിച്ചതിനാണ്. ഹത്രാസിൽ ഒരു ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നപ്പോൾ, ആ കുട്ടിയുടെ മൃതദേഹം വീട്ടുകാർക്കുപോലും വിട്ടുകൊടുക്കാതെ രാത്രിക്ക് രാത്രി കത്തിച്ചു കളഞ്ഞപ്പോൾ സ്മൃതിയും കൂടെ നിന്ന് ബഹളം വെച്ച ബിജെപി വനിതാ എംപിമാരും എവിടെയായിരുന്നു? കത്വയിൽ ഒരു ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നപ്പോൾ സ്‌മൃതി എവിടെയായിരുന്നു? അപ്പൊഴെല്ലാം തെരുവിലിറങ്ങിയ, ആ കുടുംബങ്ങൾക്കൊപ്പം നിന്ന കോൺഗ്രെസിനെയാണോ, കോൺഗ്രസ് നേതാക്കളെയാണോ നിങ്ങൾ സ്ത്രീ വിരുദ്ധരെന്ന് പറയുന്നത്.

മകളുടെ ഗോവയിലെ ബാറിന്റെ അനധികൃത ലൈസൻസ് കേസിൽ സ്വന്തം പാർട്ടിക്കാർ പോലും രക്ഷക്കെത്താത്ത സാഹചര്യത്തിൽ സോണിയ ഗാന്ധിയെ ആക്ഷേപിച്ച് പാർട്ടിക്കാരുടെ പിന്തുണ നേടിയെടുക്കാമെന്ന് സ്മൃതി കരുതുന്നുണ്ടാവും. മകളുടെ ബാറുമായി ബന്ധപ്പെട്ട് നിങ്ങൾ കേൾക്കുന്ന വിമർശനങ്ങൾ കൊണ്ട് നിങ്ങൾക്കുണ്ടായ മനോവിഷമമല്ല സ്വന്തം ഭർത്താവും ഭർത്താവിന്റെ അമ്മയും ദേശത്തിന് വേണ്ടി രക്തസാക്ഷികളായപ്പോൾ സോണിയ ഗാന്ധി എന്ന ഉരുക്കുവനിത അനുഭവിച്ചത്. കോളേജ് സർട്ടിഫിക്കറ്റ് കൃതൃമമായി ഉണ്ടാക്കുന്നതുപോലെയല്ല സത്യത്തിന്റെ രാഷ്ട്രീയത്തിനായി നിലകൊള്ളുന്നത്. ഇതൊക്കെ ചോദിച്ചു മനസ്സിലാക്കാൻ മരുന്നിനുപോലും സത്യസന്ധരായ നേതാക്കൾ ആ പാളയത്തിൽ ഇല്ലാതെ പോയതിൽ എനിക്ക് നിങ്ങളോട് സഹതാപമുണ്ട്, സ്മൃതി ഇറാനി.

നിങ്ങൾ, നൂറല്ല ആയിരം കഴുതപ്പുലികൾ കൂട്ടമായി വന്നാക്രമിച്ചാലും സോണിയ ഗാന്ധി എന്ന സിംഹഭാവത്തെ ഒരു നിമിഷത്തേക്കുപോലും തകർക്കാൻ നിങ്ങൾക്കാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button