
മംഗളൂരു: മംഗളൂരുവിനടുത്ത് കാറിലെത്തിയ നാലംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് വൈകുന്നേരം എട്ടുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം കൊല നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഫാസിൽ കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഫാസിലിനെ പിന്തുടര്‍ന്നെത്തിയ സംഘം സുറത്ക്കലെ ഒരു തുണിക്കടയുടെ മുന്നില്‍ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഫാസിലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ, മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് ലഭ്യമായ വിവരം.
Post Your Comments