ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ബി.ജെ.പി എം.പിയോട് കാര്യങ്ങൾ സംസാരിക്കുന്നതിനായി സഭയ്ക്ക് കുറുകെ നടന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ടപ്പോൾ ‘എന്നോട് സംസാരിക്കരുത്’ എന്ന് സോണിയ ഗാന്ധി പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ ലോക്‌സഭ നിർത്തിവച്ചതിന് പിന്നാലെയായിരുന്നു സംഭവം. സോണിയ ഗാന്ധിയും ബി.ജെ.പി നേതാവ് രമാദേവിയുമായുള്ള സംഭാഷണത്തിനിടെ സ്‌മൃതി ഇറാനി കാര്യമറിയാൻ സൗമ്യതയോടെയായിരുന്നു സമീപിച്ചത്. എന്നാൽ, ഇതിനെ മറ്റൊരു തലത്തിലേക്കായിരുന്നു സോണിയ ഗാന്ധി കൊണ്ടുപോയത്. പ്രകോപിതയായ കോൺഗ്രസ് അധ്യക്ഷൻ തിരിഞ്ഞ് നിന്ന് ഇറാനിയോട് ‘എന്നോട് സംസാരിക്കരുത്’ എന്ന് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. സോണിയ ഗാന്ധി സ്മൃതി ഇറാനിയോട് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.
സോണിയ ഗാന്ധിക്കും അധീർ രഞ്ജൻ ചൗധരിക്കും എതിരെ ബി.ജെ.പി എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ലോക്‌സഭയുടെ ഇടവേളയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ നടന്നത്. സോണിയ ഗാന്ധി സ്മൃതി ഇറാനിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് സഭയിൽ പ്രതിഷേധിച്ചു.
സംഭവം ഇങ്ങനെ
‘സോണിയ ഗാന്ധി, ദ്രൗപദി മുർമുവിനെ അപമാനിക്കാൻ നിങ്ങൾ അനുവാദം നൽകി. ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാൻ സോണിയ ജി അനുമതി നൽകി’, കേന്ദ്രമന്ത്രി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ സഭ നിർത്തിവച്ചതിന് ശേഷം, മുദ്രാവാക്യം വിളിച്ച ബി.ജെ.പി എം.പിമാരുടെ അടുത്തേക്ക് നടക്കാൻ സോണിയ ഗാന്ധി തീരുമാനിക്കുകയായിരുന്നു. രണ്ട് കോൺഗ്രസ് എം.പിമാർ അവർക്കൊപ്പമുണ്ടായിരുന്നു.
‘അധിർ രഞ്ജൻ ചൗധരി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്’? – കോൺഗ്രസ് അധ്യക്ഷൻ സഭയുടെ ഫ്ലോർ കടന്ന് ബി.ജെ.പി എം.പി രമാദേവിയോട് സോണിയ ഗാന്ധി ചോദിച്ചു.
ഇതോടെ, സ്മൃതി ഇറാനി ഇടപെട്ട് പറഞ്ഞു, ‘മാഡം, ഞാൻ നിങ്ങളെ സഹായിക്കട്ടെ?’.
എന്നാൽ, എന്നോട് സംസാരിക്കരുത് എന്ന് സോണിയ ഗാന്ധി സ്‌മൃതി ഇറാനിക്ക് മറുപടി നൽകി.
ഇതോടെയാണ് സോണിയ സ്‌മൃതി ഇറാനിയെ അപമാനിക്കാൻ ശ്രമിച്ചു, ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കാൻ രംഗത്തെത്തി.
Post Your Comments