മനാമ: ജൂലൈ 30 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഹിജ്‌റ വർഷാരംഭം പ്രമാണിച്ചാണ് ബഹ്‌റൈനിൽ അവധി പ്രഖ്യാപിച്ചത്. ബഹ്‌റൈനിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് പ്രകാരം ബഹ്റൈനിലെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ശനിയാഴ്ച്ച അവധിയായിരിക്കും. ശനിയാഴ്ച ഒരു പൊതു അവധി ദിനമായതിനാൽ 2022 ജൂലൈ 31, ഞായറാഴ്ച്ച കൂടി ഹിജ്റ പുതുവർഷവുമായി ബന്ധപ്പെട്ട് അവധിയായിരിക്കും. അതേസമയം, ഒമാനിൽ ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജ്‌റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും. ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്. ഹജ് കർമം നടക്കുന്ന അറബി മാസമായ ദുൽഹജ്ജ് പൂർത്തിയാകുന്നതോടെ ഹിജ്‌റ വർഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയതി ഹിജ്‌റ വർഷം 1444 ആരംഭിക്കുകയും ചെയ്യും.
Post Your Comments