തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് ചർച്ച നടത്തും. കെ റെയിൽ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെയാണ് പുതിയ നീക്കം. സിൽവർ ലൈന് ബദലായി കേരളത്തിൽ റെയിൽവേ വികസനത്തിനുള്ള സാധ്യതകൾ യോഗത്തിൽ ചർച്ചയാകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കൊച്ചുവേളി, നേമം, തമ്പാനൂർ സ്റ്റേഷനുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും.
കേരളത്തിലെ ജനങ്ങൾക്ക് വേഗത കൂടിയ യാത്ര സൗകര്യങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ്. ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടക്കില്ല. കേന്ദ്രത്തിന് സംസ്ഥാനം നൽകിയ നിർദ്ദേശങ്ങളിൽ അപാകതകൾ ഉണ്ട്. അത് തിരുത്താൻ അവർ തയ്യറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിൽവർ ലൈനിനുള്ള കേരളത്തിന്റെ ഡി.പി.ആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments