പത്തനംതിട്ട: നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് രണ്ടുപേരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. പെരുമ്പെട്ടി ചാലാപ്പള്ളി പുള്ളോലിത്തടത്തിൽ എസ്. സുബിൻ (26), തിരുവല്ല കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയം വീട്ടിൽ ദീപുമോൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട് നാട്ടിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചുവന്ന, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവർക്കുമേതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ(കാപ്പ)പ്രകാരമാണ് നടപടി എടുത്തത്.
Read Also : ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ!
ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചതായും ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ജില്ലാ കളക്ടറുടെ ഉത്തരവിനേതുടർന്നാണ് നടപടി.
റാന്നി, കീഴ്വായ്പൂര്, പെരുമ്പെട്ടി, റാന്നി എക്സൈസ് എന്നിവിടങ്ങളിലെടുത്ത ആറ് കേസുകളിൽ പ്രതിയാണ് സുബിൻ. കുട്ടികൾക്കും മറ്റും കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകളുടെ കടത്തും വിപണനവും പതിവാക്കിയ ഇയാൾ, അടിക്കടി നാട്ടിൽ സമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവരികയാണ്. സ്ത്രീക്കെതിരേയുള്ള അതിക്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കഠിന ദേഹോപദ്രവം ഏല്പിക്കൽ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
2015 മുതൽ ഇതേവരെ ഒന്പത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയാണ് ദീപുമോൻ. ഇയാൾ നാട്ടിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെ തുടർന്ന്, ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
Post Your Comments