ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. യുക്തിരഹിതമായ സൗജന്യങ്ങളും ഏകപക്ഷീയമായ വാഗ്ദാനങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ ജനവിധി എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ലംഘിക്കുന്നുവെന്ന കാണിച്ച് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സംസ്ഥാന, ദേശീയ പാര്‍ട്ടികളെ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വാദത്തിനിടെ ബിജെപി നേതാവ് വ്യക്തമാക്കി.
അതേസമയം, നിയമനിര്‍മ്മാണം നടത്താനുളള യോഗ്യത കേന്ദ്ര സര്‍ക്കാരിനാണുളളത്. അതിനാല്‍ അവര്‍ ഇത് കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് തിരഞ്ഞടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ശര്‍മ്മ വാദിച്ചു. 3 ലക്ഷം കോടി രൂപയുടെ കടത്തില്‍ മുങ്ങിയ പഞ്ചാബിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണം ഉദ്ധരിച്ച് അശ്വിനി ഉപാധ്യായ കോടതിയില്‍ വാദിച്ചു. ഇത്രയും കടബാധ്യതയുണ്ടായിട്ടും, ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങള്‍ പ്രഖ്യാപിച്ചു. ‘ഓരോ പഞ്ചാബിക്കും ഒരു കോടിയുടെ കടം ഉള്ളത് പോലെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments