എട്ടയപുരം: തന്റെ സമ്മതമില്ലാതെ മകൾ കാമുകനെ വിവാഹം കഴിച്ചതിൽ കലിപൂണ്ട് മകളെയും ഭർത്താവിനെയും കൊലപ്പെടുത്തി അച്ഛൻ. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരത്തിനടുത്ത് വീരപ്പട്ടി വില്ലേജിലെ ആർ.സി.തെരു സേവ്യർ കോളനിയിലാണ് സംഭവം. ഇവിടുത്തെ കർഷകനായ മുത്തുക്കുട്ടി (50) ആണ് മകൾ രേഷ്മ(20)യേയും ഭർത്താവ് മണികരാജി (26)നെയും വെട്ടിക്കൊലപ്പെടുത്തിയത്.
രേഷ്മയും മണികരാജും ബന്ധുക്കളാണ്. എതിർ വീടുകളിൽ താമസിച്ചിരുന്ന ഇവർക്കിടയിൽ പ്രണയം ഉടലെടുത്തു. മണികരാജിന്റെ കുടുംബം സാമ്പത്തികമായി ഉയർന്ന സ്ഥിതിയിൽ ആയിരുന്നില്ല. എന്നാൽ, മുത്തുക്കുട്ടിക്ക് സ്വന്തമായി ഒരു വാനും മിനി ട്രക്കും ഉണ്ടായിരുന്നു. കൃഷി ചെയ്യുന്നതിനൊപ്പം വാഹനം വാടകയ്ക്ക് കൊടുത്തും അയാൾ പണം സമ്പാദിച്ചിരുന്നു. മകൾ മണികരാജുമായി പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇയാൾ ബഹളം വെച്ചിരുന്നു.
മകളുടെ പ്രണയത്തെ മുത്തുക്കുട്ടി ശക്തമായി എതിർത്തു. മകൾക്കായി മറ്റൊരു വരനെ ഉറപ്പിക്കുകയും ചെയ്തു. മണികരാജിന് പണമില്ലെന്നും, സാമ്പത്തികമായി വളരെ പിന്നിലാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഇയാൾ പ്രണയം എതിർത്തത്. ഇതിനിടെ, രേഷ്മ മണികരാജിനെ വിവാഹം ചെയ്തു. കഴിഞ്ഞ മാസം 29ന് വീടുവിട്ടിറങ്ങിയ ഇവർ മധുരയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു വിവാഹിതരായത്. ഇവിടെ താമസവും തുടങ്ങി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നവദമ്പതികൾ സ്വദേശമായ വീരപ്പട്ടി ഗ്രാമത്തിൽ എത്തിയിരുന്നു. മണികരാജിന്റെ വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയ സമയം, മുത്തുക്കുട്ടി അരിവാളുമായെത്തി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം ഇയാൾ ഇവിടം വിട്ടു. പോലീസും ഫോറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് നവദമ്പതികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
മകളുടെ പ്രണയവിവാഹത്തെ എതിർത്ത മുത്തുക്കുട്ടി മകളെയും മരുമകനെയും അരിവാൾ കൊണ്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മുത്തുക്കുട്ടി ഒളിവിലാണ്. വീട്ടിൽ നിന്ന് രക്തം പുരണ്ട അരിവാൾ പോലീസ് കണ്ടെടുത്തു. വിവാഹം കഴിഞ്ഞ് 26-ാം ദിവസം നവദമ്പതികളെ യുവതിയുടെ പിതാവ് കൊലപ്പെടുത്തിയ ദാരുണമായ സംഭവം പ്രദേശത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
Leave a Comment