സേലം: ധര്‍മപുരിയില്‍ മലയാളികള്‍ വെട്ടേറ്റു മരിച്ച കേസില്‍ 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സേലം ഹസ്തംപട്ടി സ്വദേശികളായ എസ്.ലക്ഷ്മണന്‍ (37), കെ.പ്രഭാകരന്‍ എന്നിവരെയാണു തെങ്കാശിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി ജില്ലാ പൊലീസ് മേധാവി കലൈശെല്‍വന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം തെങ്കാശിയിലെ സെങ്കോട്ടെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയ 4 പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ നല്‍കി. കൊല്ലപ്പെട്ട കൊച്ചി വരാപ്പുഴ വലിയവീട്ടില്‍ ശിവകുമാര്‍, തിരുവനന്തപുരം കുന്നുകുഴി ഷൈന്‍വില്ലയില്‍ നെവില്‍ ജി.ക്രൂസ് എന്നിവരെ പ്രതികളുടെ സംഘം സേലത്തെ ഹോട്ടലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇതിന് 5 മണിക്കൂറിനു ശേഷമാണു ശിവകുമാറും നെവിലും കൊല്ലപ്പെട്ടത്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കേരള രജിസ്‌ട്രേഷനിലുള്ള കാര്‍ കോഴിക്കോട് സ്വദേശിയില്‍ നിന്നു വാടകയ്‌ക്കെടുത്തതാണെന്നു കണ്ടെത്തി. കൊലപാതക സംഘം സഞ്ചരിച്ച കാറാണിതെന്നു പൊലീസ് പറഞ്ഞു. മറ്റാരോ കാര്‍ വാടകയ്‌ക്കെടുത്ത് സേലത്തുള്ള സംഘത്തിന് എത്തിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ പെരിയല്ലി വനമേഖലയില്‍ നിന്നു 10 കിലോമീറ്റര്‍ അകലെ പാറമടയ്ക്കു സമീപത്തു നിന്നാണു കാര്‍ കണ്ടെത്തിയത്. ശിവകുമാറും നെവിലും സഞ്ചരിച്ച കാറും കോഴിക്കോട്ടു നിന്നു വാടകയ്‌ക്കെടുത്തതാണ്.
അറസ്റ്റിലായവര്‍ക്ക് ഇറിഡിയം വില്‍പന ഇടപാടുകാരായ റാക്കറ്റുമായി ബന്ധമുണ്ടെന്നാണു സൂചന. ചെന്നൈ, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ശിവകുമാര്‍ ഇറിഡിയം നല്‍കാമെന്ന പേരില്‍ പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
Post Your Comments