തിരുവനന്തപുരം: കിളിമാനൂരില്‍ വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുത്തു. ആക്രമണം നടത്തിയ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കോട്ടയത്ത് നിന്നും എത്തിയ മൂന്ന് പോലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍.
Read Also: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൂന്ന് പേരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസ് എടുത്ത് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, ഇവരെ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റെയില്‍വേ ജീവനക്കാരന്‍ ആയ രജീഷിനാണ് മര്‍ദ്ദനമേറ്റത്. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേയ്ക്ക് പോയ പോലീസുകാര്‍ക്കെതിരെ ആയിരുന്നു പരാതി. സ്വകാര്യ ടെമ്പോ ട്രാവലറില്‍ സംഘമായി പോകുകയായിരുന്ന പോലീസുകാര്‍ ഇവിടുത്തെ ബിവറേജിന് സമീപം വാഹനം നിര്‍ത്തി മദ്യം വാങ്ങി വാഹനത്തിലിരുന്ന് കഴിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. ഇതിന് ശേഷമായിരുന്നു അക്രമം
വാഹനത്തില്‍ നിന്ന് ഇറങ്ങിയ പോലീസുകാര്‍ വീടിന്റെ പരിസരത്ത് മൂത്രമൊഴിച്ചത് യുവാവ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായി പോലീസുകാര്‍ സംഘം ചേര്‍ന്ന് യുവാവിനെ തല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ സംഘടിച്ച് വാഹനം തടഞ്ഞിടുകയും ചെയ്തു.
പോലീസുകാര്‍ സിവില്‍ വേഷത്തിലായിരുന്നു. രജീഷിന്റെ പരാതിയില്‍ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയ്യാറായില്ല. സംഭവം വിവാദമായതോടെ മൂന്ന് പേര്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചു.
Post Your Comments