68 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ഏറ്റവും മധുരമേറിയ പുരസ്കാരം, മികച്ച പിന്നണി ഗായികയ്ക്കുള്ളതാണ്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്കാണ് അവാർഡ് ലഭിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ, നഞ്ചിയമ്മയ്ക്ക് ആശംസകളറിയിച്ച് ഗായികമാരായ സിത്താര കൃഷ്ണ കുമാർ, സുജാത എന്നിവർ രംഗത്ത് വന്നിരുന്നു. സംഗീത ലോകത്ത് നിന്നും മറ്റാരും നഞ്ചിയമ്മയ്ക്ക് ആശംസകൾ അറിയിച്ചില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബേസിൽ പി ദാസ് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചിയമ്മയെ അടയാളപ്പെടുത്തിക്കണ്ടോ എന്ന് ചോദിക്കുകയാണ് ബേസിൽ. അവഗണിക്കപ്പെടുന്ന ആ കുഞ്ഞിന്റെ വേദന അറിയാത്ത വർണ്ണ /വംശവെറിയൻ സവർണ്ണ തമ്പ്രാക്കളാണ് സംഗീത ശിരോമണി മാടമ്പികൾ എന്ന് അദ്ദേഹം വിമർശിക്കുന്നു. നഞ്ചിയമ്മയുടെ പാട്ട് ശുദ്ധിയുടെ ബ്രാഹ്‌മണ്യ ചിട്ടകൾക്ക് പുറത്താണെന്നും, സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം പ്രമുഖർക്ക് അശുദ്ധമാണെന്നും ബേസിൽ കുറിക്കുന്നു.
അതേസമയം, ‘ഈ അവാർഡ് ഒരു തെളിച്ചമാണ്. പാട്ട്…അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കിൽ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും’, എന്നായിരുന്നു സിത്താര ഫേസ്‌ബുക്കിൽ കുറിച്ചത്. നഞ്ചിയമ്മയുമൊത്തുള്ള ഒരു ചിത്രവും സിത്താര പോസ്റ്റ് ചെയ്തിരുന്നു. സുജാതയും നഞ്ചിയമ്മ അടക്കമുള്ളവർക്ക് ആശംസകൾ അറിയിച്ചിരുന്നു. കൂടാതെ, റിമി ടോമിയും നഞ്ചിയാമ്മയുടെ ഫോട്ടോ അടങ്ങുന്ന ആശംസാ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു.
വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:
നഞ്ചമ്മ ചേച്ചിക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടി നേരം ഇരുട്ടി വെളുത്തിട്ടും സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ? കാണില്ല..
റിയാലിറ്റി ഷോകളിൽ തൊലി വെളുപ്പുള്ള കുട്ടികളെ മാത്രം താലോലിച്ച് കൊഞ്ചിച്ച് കൂടെ നിൽക്കുന്ന ഇരുണ്ട നിറമുള്ള കുഞ്ഞിനെ വംശീയതയുടെ ഇരുണ്ട കണ്ണുകൾ കൊണ്ട് വേദിയുടെ കോണിൽ ഒതുക്കുന്ന, അവഗണിക്കപ്പെടുന്ന ആ കുഞ്ഞിന്റെ വേദന അറിയാത്ത വർണ്ണ /വംശവെറിയൻ സവർണ്ണ തമ്പ്രാക്കളാണ് നമ്മൾ തലയിലേറ്റുന്ന സംഗീത ശിരോമണി മാടമ്പികൾ. സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം അവർക്ക് അശുദ്ധമാണ്.
നഞ്ചമ്മയുടെ പാട്ട് ശുദ്ധിയുടെ ബ്രാഹ്‌മണ്യ ചിട്ടകൾക്ക് പുറത്താണ്. നാലര വെളുപ്പിന് കുളിച്ച് കുറിയണിഞ്ഞ് ഗുരുവന്ദനം ചെയ്ത് അഗ്രഹാരത്തെരുവുകളിലെ ഭാഗവത കീർത്തനം ഏറ്റ് ചൊല്ലിപഠിച്ചതല്ല നഞ്ചമ്മയുടെ പാട്ടുകൾ.
സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി തലമുറകൾ കൈമാറിയെത്തിയ ഗോത്ര സംസ്കൃതിയുടെ ഇനിയും കൈവിടാത്ത തിരുശേഷിപ്പുകളാണത്.ആദി താളത്തിന്റെ ഇനിയും മുറിയാത്ത പ്രകമ്പങ്ങളാണ്. നീലഗിരിയുടെ താഴ്‌വാരങ്ങളിൽ, മലകളിൽ നിന്ന് മലകളിലേക്ക് മാറ്റൊലി കൊണ്ട് പതിഞ്ഞുറഞ്ഞതാണാ ശബ്ദം. ശുദ്ധിയുടെ സവർണ്ണ സംഗീതക്കോട്ടകളിൽ പൂണൂലുഴിഞ്ഞു നിങ്ങളിരിക്കുക. നഞ്ചിയമ്മയുടെ അശുദ്ധ സംഗീതം ഇനിയങ്ങോട്ട് നിങ്ങളെ അലോസരപ്പെടുത്തികൊണ്ടിരിക്കും.
Post Your Comments