വിഴിഞ്ഞം: കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്നുപേർ അറസ്റ്റിൽ. കല്ലിയൂർ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ടുവിള വീട്ടിൽ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനു കുമാർ (29) പാലപ്പൂർ നെടിയവിള വീട്ടിൽ ഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക് (23) എന്നിവരാണ് അറസ്റ്റിലായത്. കോവളം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വെളുപ്പിന് മുട്ടയ്ക്കാടിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. അമിതവേഗതയിൽ എത്തിയ കാർ പൊലീസ് തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടി. വാഹനം ഓടിച്ചു വന്ന ആഷികിനെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ടത് മനുവും കൂട്ടാളികളുമാണെന്ന് അറിഞ്ഞത്. തുടർന്ന്, നടന്ന തെരച്ചിലിലാണ് മനുവും ഉണ്ണിയും പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും ഒരു പിസ്റ്റൾ, വടിവാൾ, വെട്ടുകത്തി, കത്തി, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
Read Also : എൻഫോഴ്സ്മെന്റ് റെയ്ഡ്: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 20 കോടി
ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നാണ് കരുതുന്നത്. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ഇവർക്ക് തോക്ക് എവിടെ നിന്ന് കിട്ടി തുടങ്ങിയ കാര്യങ്ങൾ ഊർജിതമായി അന്വേഷിക്കുകയാണെന്ന് സിഐ ജി. പ്രൈജു പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments