![](/wp-content/uploads/2022/05/untitled-2-3.jpg)
മൂന്നാർ: തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മൂന്നാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ, പി.എസ്. റിയാസ്, അബ്ദുൾ സമദ് എന്നിവർക്കാണ് സ്ഥലംമാറ്റം മാത്രം നൽകി സർക്കാർ മുഖം രക്ഷിച്ചത്. മൂന്നാർ പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽനിന്നും തീവ്രവാദസംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ ഇവർക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലം മാറ്റം.
പി.വി. അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ലാ പോലീസ് മേധാവി മാറ്റിയത്. വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പി കെ.ആർ. മനോജ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ടും നൽകിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.
പി.വി. അലിയാർ നിലവിൽ മുല്ലപ്പെരിയാർ സ്റ്റേഷനിലാണ്. മേയ് 15-നാണ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽനിന്നും രഹസ്യവിവരങ്ങൾ പോലീസുകാർ തീവ്രവാദസംഘടനകൾക്ക് ചോർത്തി നൽകിയെന്ന ആരോപണം പുറത്തുവന്നത്. സംഭവം അന്വേഷിക്കാൻ മൂന്നാർ ഡിവൈഎസ്പി കെ.ആർ. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പോലീസുകാരുടെയും മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു.
ആറുമാസം മുമ്പ് സമാനരീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് ആർഎസ്എസുകാരുടെ ഡാറ്റാ വിവരങ്ങൾ ചോർത്തിനൽകിയ സംഭവത്തിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുൻപ് അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചേർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. നാർക്കോട്ടിക് സെൽ ഡിവൈ എസ് പി എ ജി ലാലാണ് അന്വേഷണം നടത്തി പൊലീസുകാരനെതിരേ റിപ്പോർട്ട് നൽകിയത്.
Post Your Comments