താനെ: വിഷദ്രാവകം കുത്തിവെച്ച് പൊലീസുകാരനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി . മുംബൈയിലെ വര്‍ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ വിശാല്‍ പവാറാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് താനെ സ്വദേശിയായ വിശാലിന് നേരെ മോഷണശ്രമം ഉണ്ടാകുന്നത്. ഇത് ചെറുക്കുന്നതിനിടെ മോഷ്ടാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.
Read Also: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവം: പ്രതി പിടിയില്‍
ലോക്കല്‍ ട്രെയിനില്‍ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വാതില്‍ക്കല്‍ ഫോണ്‍ വിളിച്ചുകൊണ്ട് നിന്ന വിശാലിന്റെ കയ്യില്‍ നിന്നും മൊബൈല്‍ തട്ടിയെടുക്കുകയായിരുന്നു മോഷ്ടാക്കള്‍. നിരങ്ങിനീങ്ങുകയായിരുന്ന ട്രെയിനില്‍ നിന്നും മോഷ്ടാക്കള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. ട്രെയിനില്‍ നിന്ന് ചാടിയ പൊലീസുകാരന്‍ കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ മോഷ്ടാക്കളുടെ സംഘം വിശാലിനെ വളയുകയും പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഷദ്രാവകം ഇയാളുടെ ശരീരത്തില്‍ കുത്തി വയ്ക്കുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ദ്രാവകം ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചതായും പറയുന്നു.
പിന്നാലെ വിശാല്‍ ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോള്‍ ഇയാള്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments