
ദോഹ: ഖത്തറിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദേശീയ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയാണ് ഇദ്ദേഹത്തിന് നൽകുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
അതേസമയം, രോഗം സ്ഥിരീകരിച്ച യാത്രക്കാരനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ട്. 21 ദിവസം ഇവരെ നിരീക്ഷിക്കും. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ.
രാജ്യത്തെ പൊതുജനങ്ങളും വിദേശ യാത്ര കഴിഞ്ഞെത്തുന്നവരും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മങ്കിപോക്സ് സംബന്ധമായ അന്വേഷണങ്ങൾക്ക് 16000 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post Your Comments