കൊച്ചി: ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ ‘മാധ്യമം’. ‘വന്ദേഭാരത് മിഷന്‍ വഴി കൊവിഡ്-19 രോഗികളെ നാട്ടിലെത്തിക്കാന്‍ വഴിയുണ്ടായിട്ടും മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിനെല്ലാം തടയിട്ടപ്പോഴാണ് പ്രവാസികളുടെ നിലവിളി നെഞ്ചേറ്റി അങ്ങനെയൊരു സവിശേഷമായ ആവിഷ്‌കാരത്തിന് നിര്‍ബന്ധിതരായത്.’ എന്ന് മാധ്യമം വിശദീകരിച്ചു.
മാധ്യമത്തിനെതിരെ മുന്‍ മന്ത്രിയുടെ കുത്തിത്തിരിപ്പ് എന്ന തലക്കെട്ടോടെയാണ് പത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്.
മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിനെ മുഖ്യമന്ത്രി കുത്തിത്തിരിപ്പ് എന്നായിരുന്നു വിമര്‍ശിച്ചത്. അതേവാക്ക് കടമെടുത്താണ് മാധ്യമം ഇന്ന് ജലീലിനെതിരെ പ്രതികരിച്ചത്. മന്ത്രിയായിരിക്കെ പ്രോട്ടോകോള്‍ മര്യാദപോലും ജലീല്‍ പാലിച്ചില്ലെന്നും മാധ്യമം ചൂണ്ടികാട്ടി. മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റിന് കത്തെഴുതിയതാണ് പ്രോട്ടോകോള്‍ ലംഘനമായി നിയമവിദഗ്ധര്‍ അടക്കം ചൂണ്ടികാട്ടുന്നത്.
ഉത്തരവാദിത്വമുള്ളൊരു കാബിനറ്റംഗം സ്വന്തം നാട്ടിലെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ അധികൃതര്‍ക്ക് കത്തെഴുതുന്നതിനെ എന്തു വിളിക്കണമെന്നും ഈ അധികാര ദുര്‍വിനിയോഗം സര്‍ക്കാരിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണെന്ന ജലീലിന്റെ വാദം അപ്രസക്തമാണെന്നും മാധ്യമം ചൂണ്ടിക്കാട്ടി. അതേസമയം, ജലീലിന്റെ നടപടിയിൽ മിണ്ടാട്ടം മുട്ടി സിപിഎം. മാധ്യമം പത്രത്തിന് എതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കെ.ടി ജലീൽ യു.എ.ഇ കോൺസലേറ്റിന് കത്തെഴുതിയത് സി.പി.എമ്മിനെയും സർക്കാരിനേയും വെട്ടിലാക്കി.
ജലീലിനെ നേരിട്ട് ന്യായീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം. ഇതിനെല്ലാമുള്ള തെളിവുകൾ നിരത്തി സ്വപ്ന സുരേഷ് എത്തുമ്പോൾ ആകെ വെട്ടിലാവുകയാണ്. ജലീൽ പാർട്ടി അംഗമല്ലെന്നും അദ്ദേഹത്തിന്റെത് വ്യക്തിപരമായ നിലപാടാണെന്നും പറഞ്ഞ് വിവാദത്തിൽ നിന്ന് വഴിമാറി നടക്കാനാവും സി.പി.എം ശ്രമം. മന്ത്രിയായിരിക്കെ കെ.ടി.ജലീൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു സ്വപ്ന ആരോപിക്കുന്നത് തെളിവ് സഹിതമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെ, പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ യുഎഇ കോൺസൽ ജനറലുമായി കോൺസുലേറ്റിനുള്ളിൽ രഹസ്യകൂടിക്കാഴ്ചകൾ നടത്തി എന്നും ഇവർ പറയുന്നു. അതിനിടെ മുഖ്യമന്ത്രിയോടും പാർട്ടിയോടും ഏറെ അടുപ്പമുള്ള കേരള കേഡർ ഉദ്യോഗസ്ഥർ എൻഐഎയിൽ ഉള്ളതിനാലാണ് നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടതെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതും സർക്കാരിന് തിരിച്ചടിയാണ്.
രേഖകളിൽ എളുപ്പം തിരിമറി കാട്ടാമെന്നതു കൊണ്ടാണിതെന്നും ശിവശങ്കറാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി. മാധ്യമവും മീഡിയാ വണ്ണും ഒരേ മാനേജ്‌മെന്റിന്റെ കീഴിൽ വരുന്നതാണെന്നതാണ് വസ്തുത. മീഡിയാ വണ്ണിനെ നിരോധിച്ചപ്പോൾ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തു. ഇതേ സംവിധാനത്തിന്റെ ഭാഗമായ ജലീലാണ് മാധ്യമത്തിനെതിരെ കത്തെഴുതിയത് എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments