KeralaLatest NewsNews

’40 കേസുള്ള ക്രിമിനലിനെ മുഖ്യമന്ത്രി തലയില്‍ വെച്ച്‌ നടക്കുന്നു’: വിമര്‍ശനവുമായി സതീശന്‍

കേട്ടാല്‍ നാണംകെട്ട് പോകുന്ന അറപ്പുളവാക്കുന്ന നടപടി നടത്തിയ ഒരാള്‍ നിങ്ങളുടെ മന്ത്രിസഭയില്‍ ഇരിക്കുകയല്ലേ

തിരുവനന്തപുരം: 40 കേസുളള ക്രമിനലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലയില്‍ വച്ച്‌ കൊണ്ടുനടക്കുകയാണെന്നും തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ആരോപണ വിധേയനായ ​ഗതാ​ഗത മന്ത്രി ആന്റണി രാജു മന്ത്രിസഭയില്‍ ഇരിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ സ്ഥാനത്ത് നിലനിര്‍ത്തുന്നതിനെതിരേയാണ് വി ഡി സതീശന്റെ വിമർശനം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീനെ പ്രതിപക്ഷ നേതാവ് കുട്ടിയെന്ന് വിശേഷിപ്പിച്ചത് ഉന്നയിച്ച പിണാറായി വിജയന്‍, 19 കേസുകളില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒക്കത്ത് ഇരുത്തുകയാണോയെന്നും ചോദിച്ചിരുന്നു. ഇതിന്റെ അതൃപ്തിയിലാണ് സതീശൻ പി എം ആര്‍ഷോക്കെതിരെയുള്ള കേസുകൾ ചൂണ്ടിക്കാണിച്ചത്.

read also:ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?’ ഇ.പി ജയരാജനെ ട്രോളി ശബരീനാഥന്‍

പി എം ആര്‍ഷോക്കെതിരെ 42 കേസുണ്ടായിരുന്നു. അതില്‍ രണ്ട് കേസ് ഡിസ്‌പോസ് ചെയ്തു. ഇപ്പോഴുള്ള 16 കേസുകള്‍ മാരകായുധം ഉപയോഗിച്ച്‌ സഹപാഠികളെ പരിക്കേല്‍പ്പിച്ചു എന്നതാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിന്. ഒരു കേസ് ഒരു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയി മഹാരാജാസ് ഹോസ്റ്റലില്‍ പൂട്ടിയിട്ട് നേരം വെളുക്കും വരെ ഇടിച്ചതിന്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ളതാണ്. നാലിലധികം വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു കേസ് ജാമ്യം എടുത്ത് കൊടുത്ത വക്കീലിനെ വീട് കയറി ആക്രമിച്ചതിന്. എന്നിട്ടാണ് ഒരു കേസ് മാത്രമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒക്കത്ത് ഇരുത്തുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്. നാല്‍പ്പത് കേസുള്ള ഈ ക്രിമിനലിനെ മുഖ്യമന്ത്രി തലയിലാണോ എടുത്ത് വച്ചിരിക്കുന്നത്? ചോദിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

 മയക്ക് മരുന്ന് കേസില്‍പ്പെട്ട വിദേശിയെ രക്ഷിക്കാന്‍ വേണ്ടി കേട്ടാല്‍ നാണംകെട്ട് പോകുന്ന അറപ്പുളവാക്കുന്ന നടപടി നടത്തിയ ഒരാള്‍ നിങ്ങളുടെ മന്ത്രിസഭയില്‍ ഇരിക്കുകയല്ലേ, ഇത് കേരളത്തിന് അപമാനകരമാണെന്നും സതീശന്‍ വിമര്‍ശിച്ചു.

വി ഡി സതീശന്റെ വാക്കുകള്‍,

ശബരീനാഥനെ അറസ്റ്റ് ചെയ്ത വിഷയം അടിയന്തിര പ്രമേയമായി കൊണ്ടുവന്നപ്പോള്‍ നിയമവിശാരദനായ നിയമമന്ത്രി പറഞ്ഞത് സബ്ജുഡീസ് ആണെന്നാണ്. കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണ നടത്തി വിധി വരുന്നത് വരെയുള്ള കാലഘട്ടത്തില്‍ മാത്രമാണ് സബ്ജുഡീസ്. ശബരീനാഥന്റെ വിഷയം സബ്ജുഡീസ് ആകുമോ? അടിയന്തിര പ്രമേയത്തിന് പകരം സബ്മിഷന്‍ അനുവദിക്കാമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സബ്ജുഡീസ് അണെന്ന് പറയുന്ന വിഷയം എങ്ങനെയാണ് സബ്മിഷനായി ഉന്നയിക്കുന്നത്?

പ്രതിപക്ഷ നേതാവ് കുട്ടിയെന്ന് പറഞ്ഞ ഫര്‍സീന്‍ 19 കേസുകളില്‍ പ്രതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ 12 കേസുകളും കൊവിഡ് കാലത്ത് ധര്‍ണയും സമരവും നടത്തിയതിനാണ്. അതെല്ലാം പിഴ അടച്ചതോടെ അവസാനിച്ചു. മറ്റൊരു കേസ് ഷുഹൈബിനെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഭാഗമായി എടുത്തതാണ്. ഈ കേസെടുത്ത് ഒരു മാസത്തിനകം ഷുഹൈബിനെ കൊലപ്പെടുത്തി. ആ കുട്ടിയെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ഞങ്ങള്‍ ഒക്കത്ത് തന്നെ കൊണ്ടു നടക്കും.

കഴിഞ്ഞ വര്‍ഷം എം.ജി സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ പിന്നില്‍ നിന്ന് ചവിട്ടി നിലത്തിട്ട് എന്നിട്ട് അശ്ലീലം പറഞ്ഞ കേസിലെ പ്രതി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. അദ്ദേഹത്തിന് 42 കേസുണ്ടായിരുന്നു. അതില്‍ രണ്ട് കേസ് ഡിസ്‌പോസ് ചെയ്തു. ഇപ്പോഴുള്ള 16 കേസുകള്‍ മാരകായുധം ഉപയോഗിച്ച്‌ സഹപാഠികളെ പരിക്കേല്‍പ്പിച്ചു എന്നതാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിന്. ഒരു കേസ് ഒരു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയി മഹാരാജാസ് ഹോസ്റ്റലില്‍ പൂട്ടിയിട്ട് നേരം വെളുക്കും വരെ ഇടിച്ചതിന്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ളതാണ്. നാലിലധികം വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു കേസ് ജാമ്യം എടുത്ത് കൊടുത്ത വക്കീലിനെ വീട് കയറി ആക്രമിച്ചതിന്. എന്നിട്ടാണ് ഒരു കേസ് മാത്രമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒക്കത്ത് ഇരുത്തുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്. നാല്‍പ്പത് കേസുള്ള ഈ ക്രിമിനലിനെ മുഖ്യമന്ത്രി തലയിലാണോ എടുത്ത് വച്ചിരിക്കുന്നത്? ചോദിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. സ്ത്രീകള്‍ ഇരിക്കുന്നത് കൊണ്ട് എഫ്.ഐ.ആര്‍ പോലും വായിക്കാന്‍ പറ്റില്ല.

ആരും ശ്രദ്ധക്കപ്പെടാതെ കിടന്നിരുന്ന പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ച്‌ വരുത്തി, വേറൊരാളെ കൊണ്ട് കേസ് കൊടുപ്പിച്ച്‌ അറസ്റ്റ് ചെയ്തു. അയാള്‍ ഇപ്പോള്‍ ഹീറോ ആയി. നിങ്ങള്‍ തൊടുന്നതെല്ലാം പൊള്ളുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് മറച്ച്‌ വയ്ക്കാന്‍ നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, എ.കെ.ജി സെന്ററില്‍ ഓലപ്പടക്കം എറിഞ്ഞു, ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി, സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തി. അതുകൊണ്ടൊന്നും സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ മാഞ്ഞ് പോകില്ല.

ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്കെതിരെ ഗുരുതരമായ ഒരു കേസ് ഉയര്‍ന്ന് വന്നിരിക്കുകയാണ്. നിങ്ങള്‍ അതിനെ ന്യായീകരിക്കുകയാണ്. അത് നാട് മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. അടിവസ്ത്രത്തില്‍ ഹാഷിഷ് ഒളിപ്പിച്ച്‌ വന്ന ഒരു വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ടി മുതല്‍ കസ്റ്റഡിയില്‍ എടുത്തു. അന്ന് അഭിഭാഷകനായിരുന്ന മന്ത്രി ആ അടിവസ്ത്രം വാങ്ങി കട്ട് ചെയ്ത് പത്ത് വയസുകാരന്റേതാക്കി മാറ്റി. ഫോറന്‍സിക് തെളിവ് വരെ പുറത്ത് വന്നു. മയക്ക് മരുന്ന് കേസില്‍പ്പെട്ട വിദേശിയെ രക്ഷിക്കാന്‍ വേണ്ടി കേട്ടാല്‍ നാണംകെട്ട് പോകുന്ന അറപ്പുളവാക്കുന്ന നടപടി നടത്തിയ ഒരാള്‍ നിങ്ങളുടെ മന്ത്രിസഭയില്‍ ഇരിക്കുകയല്ലേ? അദ്ദേഹം രാജിവച്ച്‌ പുറത്ത് പോകണം. നിങ്ങള്‍ക്ക് നാണം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇത് കേരളത്തിന് അപമാനകരമാണ്. ഇതൊന്നും പറയാതെ പോകാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല.

സ്റ്റാലിന്റെ തടവറക്കാലത്തെ പീഡനങ്ങളെ കുറിച്ച്‌ നാടകം എഴുതിയ നോബല്‍ സമ്മാന ജേതാവിനെ പീഡിപ്പിച്ച്‌ നാട് കടത്തി. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പത്രാധിപരായ മുഹമ്മദ് സുബൈറിനെതിരെ കള്ളക്കേസെടുത്തു. നമ്മളൊക്കെ അതിനെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ എളമരം കരീമിനെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരെ നിങ്ങള്‍ കേസെടുത്തു. ഇതില്‍ എന്താണ് വ്യത്യാസം? നിങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നവരെ കള്ളക്കേസില്‍ കുടുക്കി, നിങ്ങളുടെ മര്‍ദ്ദന ഉപകരണമായ പൊലീസിനെ ഉപയോഗിച്ച്‌ വേട്ടയാടുന്നു. ഇതല്ലേ ഈ കേരളത്തില്‍ നടക്കുന്നത്? നിങ്ങളുടെ സ്വഭാവം ഫാസിസത്തിന്റെ മറുവശമാണ്. ഇത് നിങ്ങള്‍ അവസാനിപ്പിക്കണം. തുടര്‍ ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ എങ്ങനെ വിശ്വസിക്കും എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. പകരം നിങ്ങള്‍ കൊണ്ട് നടക്കുന്നത് ആരെയാണ്? സോളാര്‍ കേസിലെ പ്രതിയെ. അവര്‍ക്ക് എത്ര കേസില്‍ വാറണ്ടുണ്ട്. നിങ്ങള്‍ ശബരീനാഥനെ അല്ലേ അറസ്റ്റ് ചെയ്യൂ. ഈ സര്‍ക്കാരിന് എന്നെ പേടിയാണെന്ന അവരുടെ ശബ്ദരേഖയുണ്ട്. ഈ അഹങ്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിച്ച്‌ വിനയാന്വിതമായി പ്രവര്‍ത്തിക്കാതെ ധാര്‍ഷ്ട്യവും അഹങ്കാരവും കാട്ടുന്ന ഈ സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥന എതിര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button