തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല.
വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പള്‍സര്‍ സുനി പ്രതീക്ഷിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായതായി അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു. അതേസമയം, പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമെന്ന് മുൻ ജയിൽ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം വലിയ വിവാദമായിരുന്നു. ആർ ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിരുന്നു. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വിഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളതാണ്.
ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ തടയാൻ സർക്കാർ തയാറാകണം എന്നാവശ്യപ്പെട്ട് പ്രൊഫസർ കുസുമം ജോസഫ് പരാതി നൽകിയിരുന്നു. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും കുസുമം ജോസഫ് ആരോപിക്കുന്നു.
Post Your Comments